കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒന്നര വർഷമായി ഒട്ടേറെ മോഷണങ്ങൾ നടത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള നാലംഗ സംഘം അറസ്റ്റിൽ. കക്കോടി മക്കട യോഗിമഠത്തിൽ ജിഷ്ണു (18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികളും പിടിയിലായി. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിൽ നടന്ന പല മോഷണക്കേസുകളിലും കുട്ടികളുടെ പങ്ക് വർധിച്ചതോടെ സിറ്റി ക്രൈം സ്ക്വാഡിന് പ്രത്യേക നിർദേശം നൽകിയിരുന്നു.

നഗരത്തിൽനിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും ഇരുചക്ര വാഹനങ്ങളും മൊബൈൽ ഫോണുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ ഇവർ കവർച്ച ചെയ്തിട്ടുണ്ട്. ചേവായൂർ , മാവൂർ, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം, പുല്ലാളൂർ, കുന്ദമംഗലം, ബാലുശ്ശേരി, അമ്പലത്ത് കുളങ്ങര, കുമാരസ്വാമി, കക്കോടി, ചെറുകുളം, മക്കട തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കടകളിലേതുൾപ്പെടെ എൺപതിൽപരം മോഷണങ്ങൾക്ക് തുമ്പുണ്ടായതായി പോലീസ് പറഞ്ഞു. 'നൈറ്റ് ഔട്ട്' എന്നാണ് ഇവർ തങ്ങളുടെ മോഷണത്തിന് നൽകിയ പേര്. കൂടാതെ, മോഷണത്തിൽ ഏർപ്പെടുന്ന മറ്റു ചിലരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തുക്കളുടെ അടുത്തേക്കെന്നും പറഞ്ഞ് രാത്രി മോഷണത്തിനിറങ്ങുകയാണ് രീതി. രക്ഷിതാക്കൾ ഉറങ്ങിയശേഷം വീടു വിട്ട് പുറത്തിറങ്ങും. മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സുകളും നമ്പർ പ്ലേറ്റുകളും മാറ്റിയും വർക്ക്ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷ്ടിച്ച വാഹനങ്ങളിൽ ഘടിപ്പിച്ചുമാണ് കവർച്ച.

കടകളുടെ പൂട്ടുകൾ പൊട്ടിക്കാനുള്ള ആയുധങ്ങളും ഇവരുടെ കൈയിലുണ്ടായിരുന്നു. എലത്തൂർ പോലീസിന്റെ പിടിയിലായി റിമാൻഡ് ചെയ്യപ്പെട്ട ജിഷ്ണു നേരത്തേ ജാമ്യത്തിലിറങ്ങിയതാണ്.

ലഹരി ഉപയോഗവും മോഷണപശ്ചാത്തലവുമുള്ള കുട്ടികളെ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്കണമെന്ന് ഡി.സി.പി. പറഞ്ഞു. സിറ്റി ക്രൈംസ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, എ.വി. സുമേഷ്, ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനീഷ്, സീനിയർ സി.പി.ഒ.മാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സി.പി.ഒ. പ്രസീദ്, ശ്രീരാഗ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlights:four arrested in kozhikode for theft includes two minors