കോട്ടയം: ഫെയ്‌സ് ബുക്കിലൂടെ അശ്ലീല വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍. കോട്ടയം തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ടി.എസ്. അരുണ്‍(29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (23), പുത്തന്‍ പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോടിമത ബോട്ടുജെട്ടി റോഡില്‍ ഫിലാന്‍സാ സെക്യൂരിറ്റീസ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തുകയാണ് അരുണ്‍. ഇയാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകളും സെമിനാറുകളും എടുത്തിരുന്നു.
ഭാര്യ വിദേശത്തുള്ള താഴത്തങ്ങാടി സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്തത്. ഫെയ്‌സ് ബുക്കിലൂടെ സൗഹൃദത്തിലായ പെണ്‍കുട്ടിയുമായി യുവാവ് വീഡിയോ ചാറ്റ് ചെയ്യുകയും അതില്‍ അവര്‍ മുഖം കാണിക്കാതെ നഗ്‌നയായി പ്രത്യക്ഷപ്പെടുകയും ചെയ്തു. വീഡിയോ കോളിന്റെ തൊട്ടടുത്ത ദിവസം പ്രതികള്‍ യുവാവിനെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പോക്‌സോ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നിര്‍ദേശാനുസരണം യുവാവ് പ്രതികളുമായി സംസാരിച്ച് രണ്ടുലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി. പണം കൈമാറേണ്ട സ്ഥലത്തെത്തിയ പ്രതികളെ ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
Content Highlights: four arrested in kottayam for blackmailing youth