കാസര്‍കോട്:  ഹണിട്രാപ്പ് കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ് സ്വദേശി ഉമര്‍, ഭാര്യ ഫാത്തിമ, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍, സാജിത എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. ഇതില്‍ സാജിത നേരത്തെയും സമാനകേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.

കൊച്ചി കടവന്ത്ര സ്വദേശിയാണ് നാലംഗസംഘത്തിന്റെ തട്ടിപ്പിനിരയായത്. സാജിതയാണ് ഇയാളുമായി മൊബൈല്‍ഫോണിലൂടെ പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടാം തീയതി കൊച്ചി സ്വദേശിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് ഇവരുടെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. 

കിടപ്പറരംഗങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ലക്ഷങ്ങളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 3.75 ലക്ഷം രൂപയും ഏഴരപ്പവന്‍ സ്വര്‍ണവും പരാതിക്കാരന്‍ നല്‍കി. ഇതിനുശേഷവും പ്രതികള്‍ പണം ആവശ്യപ്പെട്ടതോടെ കൊച്ചി സ്വദേശി പോലീസിനെ സമീപിക്കുകയായിരുന്നു. 

അറസ്റ്റിലായ സാജിത നേരത്തെയും ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടതായാണ് പോലീസ് നല്‍കുന്നവിവരം. സംഘത്തില്‍ കൂടുതല്‍പേരുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: four arrested in kasargod in honey trap case