ബെംഗളൂരു: വിദേശത്തുനിന്ന് പാർസൽ വഴിയെത്തിച്ച ലഹരിമരുന്നുമായി മലയാളികളടക്കം നാലുപേരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തു.

750 എം.ഡി.എം.എ. ഗുളികകളുമായി കാർത്തിക് പ്രമോദ് (25), ഫഹീം (23), അബുഹാഷിർ (22), സഹിത് ഷെട്ടി (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ പ്രമോദും ഫഹീമും മലയാളികളാണ്. കണ്ണൂർ സ്വദേശികളാണെന്നാണ് സൂചന.

കഴിഞ്ഞ രണ്ടുവർഷമായി ഇവർ ബെംഗൂളൂരുവിൽ ലഹരിമരുന്നുവിതരണം നടത്തുന്നുണ്ടെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

ഡാർക്ക് വെബ് വഴി നെതർലൻഡ്സിൽനിന്നാണ് ഇവർ ലഹരിമരുന്ന് പാർസൽവഴി ബെംഗളൂരുവിലെത്തിച്ചത്. കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് മയക്കുമരുന്നെത്തിച്ചിരുന്നത്. മേൽവിലാസമില്ലാത്ത പാർസൽവഴി കഴിഞ്ഞ വ്യാഴാഴ്ചയാണ് എം.ഡി.എം.എ. ഗുളികകളെത്തിച്ചത്.

തുടർന്ന് എൻ.സി.ബി. നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഡാർക്ക് വെബ് വഴി ബിറ്റ്കോയിൻ ഉപയോഗിച്ചാണ് ഇടപാട് നടത്തിയിരുന്നത്. ഡാർക്ക് വെബ് വഴി ലഹരിമരുന്നെത്തിക്കുന്നതിന് നേതൃത്വം നൽകിയത് ഫഹീമാണെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

വിവിധ മേൽവിലാസങ്ങളിൽ വിദേശത്തുനിന്ന് ലഹരിമരുന്നെത്തിച്ചശേഷം രഹസ്യമായി ശേഖരിക്കും. ഉഡുപ്പിയിലെ വിവിധ കോളേജുകളിൽ ലഹരിമരുന്നെത്തിച്ചിരുന്നു. സിനിമാതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്നുകേസുമായി ഇവർക്ക് ബന്ധമില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിമരുന്നുമായി ഓഗസ്റ്റ് 21-ന് അറസ്റ്റിലായ സീരിയൽ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ്, തൃശ്ശൂർ തിരുവില്വാമലയിലെ റിജേഷ് രവീന്ദ്രൻ എന്നിവരും ലഹരിമരുന്നെത്തിച്ചത് ഡാർക്ക് വെബ് വഴിയായിരുന്നു.

ഇവരുമായി ഇപ്പോൾ അറസ്റ്റിലായ മലയാളികൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് മൈസൂരുവിൽ പിടികൂടി

മൈസൂരു: കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലു മലയാളികളെ മൈസൂരുവിൽ പോലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 86.3 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലീം, ഇബ്രാഹിംകുട്ടി, വയനാട് സ്വദേശി ഷാഫി എന്നിവരാണ് പിടിയിലായത്. കാറിൽ കടത്തിക്കൊണ്ടുവരുകയായിരുന്നു കഞ്ചാവ്. ദേശീയപാതയിൽ മൈസൂരു വിമാനത്താവളത്തിനുസമീപമുള്ള മന്ദക്കഹള്ളിയിൽവെച്ചാണ് ഇവർ പിടിയിലായത്. പത്തോളം സഞ്ചികളിലായാണ് കഞ്ചാവ് കാറിൽ ഒളിപ്പിച്ചുവച്ചത്. ഇത് ആന്ധ്രാപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നെന്നാണ് സൂചന.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൈസൂരു സൈബർ ക്രൈം, ഇക്കണോമിക് ഒഫൻസസ് ആൻഡ് നർക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥർ ചേർന്നുനടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

Content Highlights:four arrested in bengaluru with mdma drugs