ആലപ്പുഴ: ഡ്യൂക്ക് ഉൾപ്പെടെയുള്ള സൂപ്പർബൈക്കുകൾ മോഷ്ടിക്കുന്ന യുവാക്കളെ ആലപ്പുഴ നോർത്ത് പോലീസ് പിടികൂടി. മുരുകൻവെളി കാക്കാലംപറമ്പിൽ അഖിൽ (18), അവലൂക്കുന്ന് പുത്തൻപുരയ്ക്കൽ അജയ് (25), ആര്യാട് മുബാറക് മൻസിൽ മുബാറക് മുനീർ (19), എരുവ കുറ്റിത്തറ കിഴക്കേതിൽ സഹീർഖാൻ (19) എന്നിവരെയാണ് പിടികൂടിയത്.

കൈചൂണ്ടി ജങ്ഷനിൽ പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണവണ്ടിയുമായിവന്ന അഖിൽ, അജയ് എന്നിവർ പോലീസിനെക്കണ്ടപ്പോൾ വണ്ടിനിർത്താതെ പോകാൻ ശ്രമിച്ചു. എന്നാൽ, പോലീസ് തടഞ്ഞ് വിശദമായി വാഹനം പരിശോധിച്ചു. പരിശോധിച്ചപ്പോൾ വാഹനനമ്പർ വേറെ വണ്ടിയുടെതാണെന്ന് മനസിലായി. തുടർന്ന് യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൂടുതൽ ചോദ്യംചെയ്തപ്പോൾ വണ്ടാനംമെഡിക്കൽ കോളേജിൽ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. മറ്റു രണ്ടുപേരുംകൂടി സംഘത്തിലുണ്ട്.

തുടർന്നുനടത്തിയ അന്വേഷണത്തിൽ രണ്ടു യുവാക്കൾകൂടി പിടിയിലാകുകയും ഇവരുടെ വീടുകളിൽനിന്ന് മോഷ്ടിച്ച രണ്ടു ഡ്യൂക്ക് ബൈക്ക് കണ്ടെത്തുകയും ചെയ്തു. കൂടുതൽ വാഹന മോഷണക്കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ ഓഫ് പോലീസ് വിനോദിന്റെ നിർദേശാനുസരണം എസ്.ഐ. ടോൾസൺ പി.ജോസഫ്, സി.പി.ഒമാരായ എൻ.എസ്.വിഷ്ണു, ബിനുമോൻ, ലാലു അലക്സ് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.

Content Highlights:four arrested in alappuzha for stealing duke and other super bikes