ബെംഗളൂരു: കൽപ്പള്ളി ശ്മശാനത്തിൽ പിറന്നാൾ ആഘോഷം സംഘടിപ്പിക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്ത നാലംഗസംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ പ്രദേശത്ത് പട്രോളിങ്ങിനെത്തിയ പോലീസ് സംഘം ശ്മശാനത്തിൽനിന്ന് ശബ്ദംകേട്ട് നടത്തിയ പരിശോധനയിലാണ് യുവാക്കളുടെസംഘം പിടിയിലായത്. പിടിയിലായവരിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കാനാണ് ഇവർ ശ്മശാനത്തിലെത്തിയത്. ആളൊഴിഞ്ഞ സ്ഥലമായതിനാലാണ് ആഘോഷിക്കാൻ ശ്മശാനം തിരഞ്ഞെടുത്തതെന്നാണ് ഇവരുടെ മൊഴി. കൽപ്പള്ളി സ്വദേശികളായ രാജ് കിരൺ ( 27), ജൂഡ് ഫിലിപ്പ് (27), ഡൊമിനിക് (25), ധരണേശ്വരൻ (28) എന്നിവരാണ് പിടിയിലായത്.

പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പോലീസുകാർ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പിടിയിലായതോടെ ഇവർ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പോലീസുകാരെ അപമാനിക്കുമെന്നായിരുന്നു ഭീഷണി.

ശ്മശാനത്തിൽ അതിക്രമിച്ചുകയറി, കോവിഡ് മാനദണ്ഡം ലംഘിപ്പ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു, പോലീസുകാരുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.