കോഴിക്കോട്: ഒട്ടേറെ ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളായ നാലുപേരെ ടൗണ്‍ പോലീസ് പിടികൂടി. മലപ്പുറം പുളിക്കല്‍ സിയാംകണ്ടം കിഴക്കയില്‍ കെ. അജിത്ത് (19), കല്ലായി ചക്കുംകടവ് അമ്പലത്താഴം എം.പി. ഫാസില്‍ (18) എന്നിവരാണ് പിടിയിലായത്.
ഇവരോടൊപ്പം പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയും പിടികൂടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവരെ പിടികൂടിയത്.
ബൈക്ക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ പണം ആഡംബരജീവിതത്തിനും ലഹരിക്കുമാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച കേസുള്‍പ്പെടെ പത്തോളം കേസില്‍ പ്രതിയാണ് ഫാസില്‍.
മാറാട് ഒരു പോക്‌സോകേസിലും പിടിച്ചുപറിക്കേസിലും പ്രതിയാണ് അജിത്ത്. ആനിഹാള്‍ റോഡിനുസമീപത്തെ ഇടവഴിയില്‍നിന്ന് ചൊവ്വാഴ്ച രാത്രി 9.30-യോടെയാണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.