ബെംഗളൂരു: കര്‍ണാടകത്തിലെ യാദ്ഗിറില്‍ സ്ത്രീയെ വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ ഒരുവര്‍ഷത്തിനുശേഷം നാലുയുവാക്കള്‍ അറസ്റ്റില്‍. അതിക്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ത്രീയുടെ വസ്ത്രം കീറി നഗ്‌നയാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോയാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. വീഡിയോയിലുള്‍പ്പെട്ട പ്രദേശ വാസികളായ നിഞ്ജരാജു (24), അയ്യപ്പ (23), ഭീമശങ്കര്‍ (28), ശരണു (22) എന്നിവരാണ് അറസ്റ്റിലായത്.

ഒരുവര്‍ഷംമുമ്പാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടുമിനിറ്റിലധികമുള്ള വീഡിയോയില്‍ നഗ്‌നയാക്കിയ സ്ത്രീയെ യുവാക്കള്‍ കരിമ്പിന്‍തണ്ടുകൊണ്ട് മര്‍ദിക്കുമ്പോള്‍ വിട്ടയക്കണമെന്ന് സ്ത്രീ യാചിക്കുന്നത് കാ ണാം. സംഘത്തിലെ ഒരാള്‍ അതിക്രമത്തിന്റെ ദൃശ്യം പകര്‍ത്തുന്നതും കാണാം.

യാദ്ഗിറിലെ ഷഹാപുരയിലാണ് സംഭവം നടന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. സി.ബി. വേദമൂര്‍ത്തി പറഞ്ഞു. സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പിടിയിലായ നിഞ്ജരാജു ഓട്ടോറിക്ഷാഡ്രൈവറാണ്. പെട്രോള്‍ പമ്പ് ജീവനക്കാരനാണ് അയ്യപ്പ. ഭീമശങ്കര്‍ പാന്‍ ഷോപ്പ് നടത്തുന്നയാളും ശരണു തെരുവുകച്ചവടക്കാരനുമാണ്. സ്ത്രീയോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു.