കിഴക്കേ കല്ലട(കൊല്ലം) : പോലീസ് കസ്റ്റഡിയിലെടുത്ത ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ.യുടെ ഓഫീസ് ഫർണിച്ചർ അടിച്ചുതകർത്തു. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റും കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ക്ലീറ്റസാണ് കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിൽ അക്രമം കാട്ടിയത്. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് കേസെടുത്തതിൽ പ്രകോപിതനായിട്ടായിരുന്നു അക്രമം.

പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ക്ലീറ്റസിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) ചിറ്റുമല പെട്രോൾ പമ്പിനുമുന്നിൽ സമരം നടത്തിയിരുന്നു. അധികനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നിടത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ക്ലീറ്റസ് ഉൾപ്പെടെ അഞ്ചുപേർക്കെതിരേ കിഴക്കേ കല്ലട പോലീസ് കേസെടുത്തു.

കാർ കുറുകേയിട്ട് വഴിതടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ക്ലീറ്റസിനെ കിഴക്കേ കല്ലട പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. പ്രകോപിതനായ ക്ലീറ്റസ് കസേരകളും മറ്റും അടിച്ചുതകർക്കുകയായിരുന്നു. ക്ലീറ്റസ് മദ്യലഹരിയിലായിരുന്നെന്നും കാറിൽനിന്ന് വാറ്റുചാരായത്തിന്റെ കുപ്പി കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. സി.പി.ഐ.മുൻ നേതാവും കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് ക്ലീറ്റസ്. സി.പി.ഐ.യുടെ ഓഫീസ് അടിച്ചുതകർത്തതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.