നാഗർകോവിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ നാഗർകോവിൽ എം.എൽ.എ. എൻ.എ. മുരുഗേഷൻ അറസ്റ്റിൽ. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയെ മുരുഗേഷനെ തിരുനെൽവേലിയിൽനിന്നാണ് പിടികൂടിയത്. ഇതോടെ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.

20-കാരൻ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചതോടെയാണ് മുൻ എം.എൽ.എ. അടക്കമുള്ളവർ കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി തന്നെയാണ് മുരുഗേഷനടക്കമുള്ളവർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി നൽകിയത്. ഇതോടെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ കുട്ടിയുടെ അമ്മയടക്കം നാല് പ്രതികളെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്. എന്നാൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുരുഗേഷൻ ഒളിവിൽപോയി. തിരുനെൽവേലിയിലേക്ക് കടന്ന ഇയാളെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടുകയായിരുന്നു.

അതേസമയം, ജില്ല വിട്ട് യാത്രചെയ്യാൻ ഇ-പാസ് നിർബന്ധമാണെന്നിരിക്കെ മുരുഗേഷൻ എങ്ങനെ തിരുനെൽവേലിയിലേക്ക് കടന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പോക്സോ കേസിൽ പ്രതിയായ മുരുഗേഷനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി എ.ഐ.എ.ഡി.എം.കെ. അറിയിച്ചു.

Content Highlights:former nagarcoil mla na murugesan arrested in a pocso case