മുംബൈ:  മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്. നിലവില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയോട് എല്ലാമാസവും നൂറ് കോടി രൂപ പിരിച്ചുനല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നും പോലീസ് അന്വേഷണങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് പരംബീര്‍ സിങ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. കത്തിലെ ആരോപണങ്ങള്‍ മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. 

എല്ലാമാസവും കൈക്കൂലിയായി നൂറ് കോടി രൂപ പിരിച്ചുനല്‍കണമെന്നാണ് അനില്‍ ദേശ്മുഖ് സച്ചിന്‍ വാസെയോട് ആവശ്യപ്പെട്ടത്. മുംബൈയിലെ ബാറുകള്‍, ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പണം പിരിക്കാനായിരുന്നു നിര്‍ദേശം. മുംബൈയില്‍ 1750 ബാറുകളും റെസ്റ്റോറന്റുകളുമുണ്ട്. ഓരോ സ്ഥാപനങ്ങളില്‍നിന്നും രണ്ടോ മൂന്നോ ലക്ഷം പിരിച്ചാല്‍ ഒരുമാസം 40-50 കോടി രൂപ വരെ ലഭിക്കും. ബാക്കിപണം മറ്റിടങ്ങളില്‍നിന്ന് കണ്ടെത്തണമെന്നായിരുന്നു നിര്‍ദേശം. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സച്ചിന്‍ വാസെയോട് മന്ത്രി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സച്ചിന്‍ വാസെ വെളിപ്പെടുത്തിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ച് കുഴങ്ങിയെന്നും പരംബീര്‍ സിങ്ങിന്റെ കത്തില്‍ പറയുന്നു. 

ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് പണം പിരിക്കാന്‍ ആവശ്യപ്പെടുന്നത് പതിവാണെന്നാണ് പരംബീര്‍ സിങ് പറയുന്നത്. പോലീസ് അന്വേഷണങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതും പതിവായിരുന്നു. ദാദ്ര നാഗര്‍ ഹാവേലി എം.പിയുടെ മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ബന്ധിച്ചു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി സമ്മര്‍ദം ചെലുത്തിയെന്നും കത്തില്‍ ആരോപിക്കുന്നു. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി നടത്തുന്ന അഴിമതിയെക്കുറിച്ചും ക്രമക്കേടുകളെ സംബന്ധിച്ചും മുഖ്യമന്ത്രിയെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും താന്‍ നേരത്തെ വിവരം അറിയിച്ചിരുന്നതായും കത്തിലുണ്ട്. 

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ വിവരങ്ങള്‍ ധരിപ്പിക്കാന്‍ എത്തിയപ്പോള്‍ ആഭ്യന്തര മന്ത്രിയുടെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേകാര്യങ്ങള്‍ ഉപമുഖ്യമന്ത്രിയെയും ശരദ് പവാറിനെയും മറ്റ് മുതിര്‍ന്ന മന്ത്രിമാരെയും അറിയിച്ചു. ചില മന്ത്രിമാര്‍ ഇക്കാര്യങ്ങളെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നതായാണ് തന്നോട് പറഞ്ഞതെന്നും കത്തിലുണ്ട്. 

അതേസമയം, പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പൂര്‍ണമായും നിഷേധിച്ചു. പരംബീര്‍ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നും അദ്ദേഹത്തിന്റെ വീഴ്ചകളില്‍നിന്നും നിയമനടപടികളില്‍നിന്നും രക്ഷപ്പെടാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അനില്‍ ദേശ്മുഖ് ട്വിറ്ററിലൂടെ പ്രതികരിച്ചു. അതിനിടെ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തെത്തി. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. 

Content Highlights: former mumbai police commissioner param bir singh letter to cm