കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ എക്സൈസും പിടിമുറുക്കുന്നു. ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിനു നല്‍കിയ മൊഴി കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. എക്സൈസിനെ ഭയന്നിട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആര്‍. മാറ്റിയതെന്നാണ് റോയിയുടെ മൊഴി.

അസ്വാഭാവികമായി എന്തെങ്കിലും ഹോട്ടലില്‍ നടന്നിട്ടില്ലെങ്കില്‍ ഭയക്കേണ്ട കാര്യമില്ലല്ലോ! ഹോട്ടലില്‍ എല്ലാ വാരാന്ത്യങ്ങളിലും ഡി.ജെ. പാര്‍ട്ടി നടക്കുന്നുണ്ടെന്നും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാര്‍ട്ടിയായി മാറുന്നുണ്ടെന്നും എക്സൈസ് ഇന്റലിജന്‍സില്‍നിന്ന് വിവരമുണ്ടായിരുന്നു.

ഏപ്രിലില്‍ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ കാര്യമായി ലഹരിവസ്തുക്കള്‍ പിടികൂടാതിരുന്നതിനാല്‍ വീണ്ടും റെയ്ഡ് അത്യാവശ്യമല്ലെന്ന ധാരണയിലായിരുന്നു എക്‌സൈസ്. രാത്രി വൈകിയും മദ്യം വിറ്റതിന് എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഹോട്ടലിലെ ബാറിന്റെ ലൈസന്‍സ് നവംബര്‍ രണ്ടിനുതന്നെ താത്കാലികമായി റദ്ദ് ചെയ്തിരുന്നു.

ഇതിനുപുറമേ മറ്റൊരു കേസ് കൂടി വന്നാല്‍ എന്നന്നേക്കുമായി ലൈസന്‍സ് നഷ്ടമാകുമെന്ന് കരുതിയാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ മാറ്റിയതെന്നാണ് പറയുന്നത്. ഈ മൊഴി വിശ്വാസ്യമല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടം നടന്ന നവംബര്‍ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫറുടെ നേതൃത്വത്തില്‍ പാര്‍ട്ടി നടന്നതായാണ് വിവരം.

അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാന്‍ പോലീസിന് മേലുദ്യോഗസ്ഥരില്‍നിന്ന് സമ്മര്‍ദമുണ്ട്. അതേസമയം, എക്സൈസ് കമ്മിഷണര്‍ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ശക്തമായ അന്വേഷണത്തിന് എക്സൈസിന് പ്രയാസമില്ല. ഹോട്ടലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മട്ടാഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടറെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ദുരൂഹതയ്ക്ക് ഉത്തരം കിട്ടുമോ

കൊച്ചി: പാലാരിവട്ടം ബൈപ്പാസിലെ കാറപകടത്തിനു പിന്നില്‍ ഒഴിയാത്ത ദുരൂഹതകള്‍ ബാക്കിയാവുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. ഹോട്ടലില്‍നിന്ന് ഒരു കാര്‍ പിന്തുടര്‍ന്നിരുന്നു. ഹോട്ടലുടമയുടെതന്നെ നിര്‍ദേശപ്രകാരം സി.സി.ടി.വി. ദൃശ്യങ്ങള്‍ നശിപ്പിച്ചു എന്നും വ്യക്തമായിട്ടുണ്ട്. രണ്ടുപേര്‍ ദാരുണമായി മരിച്ച അപകടത്തില്‍ അത്രയും ഗൗരവമുള്ള കാര്യങ്ങള്‍ ഹോട്ടലുടമയ്ക്ക് ഒളിപ്പിക്കാനുണ്ട് എന്ന് വ്യക്തം. ദുരൂഹമായി അവശേഷിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്:-

1. അപകടം നടന്ന ഉടനെ ഹോട്ടലില്‍ പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തില്ല. ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ഒമ്പത്ദിവസം വൈകി. സി.സി.ടി.വി. ഡി.വി.ആര്‍. മാറ്റാന്‍ ഹോട്ടലുകാരെ സഹായിച്ചു.

2. നിര്‍ണായക സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉടമ മാറ്റി. എന്നിട്ടും തെളിവ് നശിപ്പിച്ച ഹോട്ടലുടമയെ തിരഞ്ഞുപിടിക്കാന്‍ പോലീസ് ശ്രമിച്ചില്ല. ഹാജരാവാന്‍ ഹോട്ടലുടമയ്ക്ക് മൂന്നുതവണ സമന്‍സ് നീട്ടി നല്‍കി.

3. അപകടത്തില്‍ സാരമായി പരിക്കേല്‍ക്കാതിരുന്ന അബ്ദുള്‍ റഹ്മാനില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ വിവരം ശേഖരിച്ചില്ല. ഒരാഴ്ച കഴിഞ്ഞാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്.

4. കാര്‍ ഓടിച്ചിരുന്ന റഹ്മാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നറിയാനുള്ള പരിശോധന നടത്തിയില്ല.

5. അപകടത്തിനിരയായ കാറിനെ പിന്തുടരുകയും അപകട വിവരം ഹോട്ടലുടമയെ വിളിച്ചറിയിക്കുകയും ചെയ്ത ഔഡി കാറിലെ ഡ്രൈവര്‍ സൈജുവിനെ ഒരുതവണ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പിന്തുടര്‍ന്നതെന്ന ഇയാളുടെ മറുപടി പോലീസ് വിശ്വസിച്ചു.

6. സൈജു അപകട ശേഷം ഹോട്ടലുടമയെ കൂടാതെ ഹോട്ടലിലെ ജീവനക്കാരെയും വിളിച്ചിട്ടുണ്ട്. എന്തിനാണ് ഹോട്ടലിലെ ജീവനക്കാരെ അര്‍ധരാത്രി ഇയാള്‍ ഫോണ്‍ വിളിച്ചതെന്ന് അന്വേഷിച്ചതേയില്ല. ആദ്യവട്ടം ഹോട്ടലില്‍ എത്തി ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ് ചടങ്ങ് തീര്‍ത്തു.

7. ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച് ഇവിടെ വന്നവരെ കണ്ടെത്തി മൊഴിയെടുക്കാം. എന്നാല്‍, രേഖകള്‍ പോലീസ് പിടിച്ചെടുത്തില്ല. ഹോട്ടലിലുണ്ടായിരുന്ന ആരുടേയും മൊഴിയെടുത്തില്ല.

8. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫറുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നെന്ന വിവരമുണ്ട്. സിനിമാ താരങ്ങളും പ്രമുഖരും പങ്കെടുത്തെന്നാണ് വിവരം.

9. ഫോര്‍ട്ട്കൊച്ചി പോലീസ് സ്റ്റേഷനു നേരെ മുന്നിലാണ് ഹോട്ടല്‍. ഇവിടെ രാത്രി ഏറെ വൈകി മദ്യം വിളമ്പുന്നത് എക്‌സൈസ് കണ്ടെത്തി. തൊട്ടടുത്തുള്ള പോലീസ് ഇതറിയാതെപോയത് എന്തുകൊണ്ട്.

ഹോട്ടലുടമയും ജീവനക്കാരും അറസ്റ്റില്‍

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ പാലാരിവട്ടം ബൈപ്പാസില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഹോട്ടലുടമയെയും ജീവനക്കാരെയും അറസ്റ്റു ചെയ്തു. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെയും പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ഡി.ജെ. പാര്‍ട്ടി കഴിഞ്ഞിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നറിഞ്ഞതോടെ പോലീസ് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നു. ഉടമയുടെ നിര്‍ദേശപ്രകാരം ഇത് മാറ്റിയെന്നായിരുന്നു ജീവനക്കാരുടെ മൊഴി. കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജു, റോയിയെ വിളിച്ചെന്നും കണ്ടെത്തി. ചൊവ്വാഴ്ച ഡി.വി.ആറുമായി റോയി ഹാജരായി. എന്നാല്‍ മാറ്റിയ ഒരു ഡി.വി.ആര്‍. മാത്രമായിരുന്നു എത്തിച്ചത്. ഡി.ജെ. പാര്‍ട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കി വിട്ടയച്ചു. ബുധനാഴ്ച ഡി.വി.ആറില്ലാതെയാണ് എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി.

ഹോട്ടലില്‍ റോയിയുമായി എത്തി പോലീസ് പരിശോധന നടത്തി. ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്ത് തേവര കണ്ണങ്ങാട്ട് പാലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് അന്‍സിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Former Miss Kerala mishap: Is a rave party conducted in 'No. 18' hotel, Excise will investigate