കൂറ്റനാട് : ചാലിശ്ശേരി പെരുമണ്ണൂരിൽ വീടിനോടുചേർന്ന വിറകുപുരയിൽ ദമ്പതിമാരെ തീപ്പൊള്ളലേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തി. ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ച വടക്കേപ്പുരയ്ക്കൽ (ജയശ്രീ നിലയം) നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

തീ ഉയരുന്നതുകണ്ട് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

നാരായണൻ എഴുതിയതെന്നുകരുതുന്ന ദീർഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെൽഫിൽനിന്ന്‌ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ മാനസികമായി അലട്ടിയിരുന്നതായി കത്തിൽ സൂചനയുണ്ട്. ഭൂസ്വത്തുക്കൾ, പണം, ബാങ്ക് ബാലൻസ്, സ്വർണം എന്നിവ ആർക്കെല്ലാമാണുനൽകേണ്ടതെന്ന്‌ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഷൊർണൂർ ഡിവൈ.എസ്.പി. സുരേഷ്, ചാലിശ്ശേരി സി.ഐ. കെ.സി. വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വിറകുപുരയിലും, വീട്ടിനുള്ളിലും പരിശോധന നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: ജയശ്രീ (അങ്കണവാടി വർക്കർ, പൊന്നാനി), സുധ (ഖത്തർ), ചിത്ര. മരുമക്കൾ: രമേശൻ, സുനീഷ്, കൃഷ്ണൻകുട്ടി.

പെരുമണ്ണൂർ ഗ്രാമത്തെ നടുക്കിദമ്പതിമാരുടെ മരണം

കൂറ്റനാട്: ശനിയാഴ്ച ചാലിശ്ശേരി പെരുമണ്ണൂരുകാർ ഉണർന്നത് നാട്ടുകാർക്കെല്ലാം സുപരിചിതരായ ദമ്പതിമാരുടെ മരണവാർത്തയുടെ ഞെട്ടലിലാണ്. ദിവസേന കാണുന്നവരും പരിചയം പുതുക്കുന്നവരുമായവർ തീപ്പൊള്ളലേറ്റ്‌ മരിച്ചവാർത്ത ആർക്കും വിശ്വസിക്കാനായില്ല.

പെരുമണ്ണൂർ വടക്കേ പുരയ്ക്കൽ നാരായണന്റെയും ഭാര്യ ഇന്ദിരയുടെയും മരണമാണ് നാട്ടുകാർക്ക് ആഘാതമായത്. 48 വർഷങ്ങൾക്കുമുമ്പ് പെരുമണ്ണൂർ ഗ്രാമത്തിലുള്ള കുടുംബത്തിൽനിന്ന്‌ ആരോഗ്യവകുപ്പിൽ ഹെൽത്ത് വിസിറ്ററായി ജോലിയിൽ പ്രവേശിക്കുകയും 2001-ൽ ഹെൽത്ത് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത നാരായണൻ ബന്ധുക്കൾക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മൂന്ന് പെൺമക്കളെയും നല്ലനിലയിൽ വിവാഹം ചെയ്തയച്ചു. രണ്ട് പെൺമക്കളുടെ കുടുംബം ഖത്തറിലായിരുന്നു. മൂത്തമകൾ അങ്കണവാടി വർക്കറായി ജോലിചെയ്യുകയാണ്. പൊതുവേ, അല്ലലില്ലാത്ത കുടുംബം സന്തോഷത്തോടെയാണ് മുന്നോട്ടുപോയിരുന്നത്.

മരണമുറപ്പിക്കാൻ ടാങ്കിലെ വെള്ളംചോർത്തിക്കളഞ്ഞു

കൂറ്റനാട്: ദമ്പതിമാരുടെ ആത്മഹത്യയുടെ രീതിയും മരണക്കുറിപ്പുകളും നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നു. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയിൽ ഇരുവരും കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയിൽ ഒന്നിച്ചാണ് മൃതദേഹം കിടന്നിരുന്നത്.

വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ചോർത്തിക്കളഞ്ഞ്‌ കാലിയാക്കിയിരുന്നു. തീയണയ്ക്കാനുള്ള മാർഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു. നാട്ടുകാർ ഓടിക്കൂടിയാലും പൈപ്പിൽനിന്നും മറ്റും വെള്ളം ലഭിക്കാതിരിക്കാനായിരിക്കാം ഇങ്ങിനെ ചെയ്തത്.

ബാങ്ക് ബാലൻസ്, സ്വർണം, ഭൂസ്വത്ത്, പേഴ്‌സിനകത്തുള്ള സംഖ്യ എന്നിവയുൾപ്പെടെ എങ്ങനെ ചെലവഴിക്കണമെന്നും മക്കൾക്കും കുടുംബാംഗങ്ങൾക്കും എങ്ങിനെ വിഭജിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചാലിശ്ശേരി സി.ഐ. കെ.സി. വിനു വെളിപ്പെടുത്തുകയുണ്ടായി. തികഞ്ഞ വിശ്വാസിയായ നാരായണനും ഭാര്യയും പെരുമണ്ണൂർ മഹാവിഷ്ണുക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന ‘ജയശ്രീ’ നിലയത്തെ തനിച്ചാക്കിയാണ് വിടപറഞ്ഞത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)