തൊടുപുഴ: ഹോംസ്റ്റേയില്‍ കഞ്ചാവുചെടി വളര്‍ത്തിയെന്ന കേസില്‍ വിദേശികള്‍ക്ക് നാലുവര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും. ഇവരുടെ പക്കല്‍നിന്ന് ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും കണ്ടെത്തിയിരുന്നു.

കുമളിയിലെ ക്രിസീസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും ഈജിപ്ഷ്യന്‍ പൗരനുമായ മുഹമ്മദ് ആദില്‍ മുഹമ്മദ് (53), കൂടെ താമസിച്ചിരുന്ന ജര്‍മന്‍കാരിയായ ഉള്‍റിക് റിക്ടര്‍ (39) എന്നിവരെയാണ് തൊടുപുഴ എന്‍.ഡി.പി.എസ്. കോടതി ജഡ്ജി ജി.അനില്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കണം.

2016 ഡിസംബര്‍ 30-നാണ് ഇവര്‍ പിടിയിലാകുന്നത്. പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന വി.എ.സലീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെടിച്ചെട്ടിയില്‍ പരിപാലിക്കുന്ന അഞ്ച് കഞ്ചാവുചെടികളും 90 ഗ്രാം വീതം ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും കണ്ടെത്തി.

അസി. കമ്മിഷണര്‍ ജി.പ്രദീപ് കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന പ്രോസിക്യൂഷന്‍ ഈ വാദം കോടതി ശരിവെച്ചു.

എന്‍.ഡി.പി.എസ്. കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബി. രാജേഷ് ഹാജരായി. വിദേശികളായതിനാല്‍ കളക്ടര്‍ മുഖാന്തരം എംബസിയെ അറിയിക്കും.