തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വിദേശ വനിതയുടെ കൊലപാതകക്കേസില്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. വിനോദസഞ്ചാരിയായി എത്തിയ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അയര്‍ലന്‍ഡിലായിരുന്ന ബന്ധുക്കള്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പലതവണ മുഖ്യമന്ത്രിക്കുള്‍പ്പെടെ ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അധികൃതരില്‍നിന്നു കൃത്യമായ മറുപടി ലഭിക്കാതായതോടെ സഹോദരി നേരിട്ട് കേരളത്തിലെത്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് കേരളത്തിലെത്തിയ കൊലചെയ്യപ്പെട്ട യുവതിയുടെ സഹോദരി പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍ രാജിനെ കണ്ട് കേസിന്റെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്തു. തുടര്‍ന്നാണ് വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 18-ന് ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നവംബര്‍ അഞ്ചിന് പരിഗണിക്കും. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ലാത്വിയന്‍ എംബസി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

2018 ഫെബ്രുവരി 14-നാണ് കോവളത്തുവെച്ച് ലാത്വിയന്‍ സ്വദേശിയായ യുവതിയെ കാണാതാകുന്നത്. തുടര്‍ന്ന് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഏപ്രില്‍ 20-ന് വാഴമുട്ടത്തിനു സമീപം പൂനംതുരുത്തിലെ കണ്ടല്‍ക്കാട്ടില്‍നിന്നു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം വിദേശ വനിതയുടേതെന്ന് ഉറപ്പിച്ചതോടെ ഐ.ജി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. പോലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. അന്വേഷണം വേഗത്തിലാക്കാന്‍ ലാത്വിയന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി.

2018 മേയ് മൂന്നിന് വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഉമേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ ഗ്രോബീച്ചില്‍ കണ്ട വിദേശ വനിതയെ പ്രതികള്‍ തന്ത്രപൂര്‍വം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ച് മയക്കുമരുന്ന് നല്‍കി ആക്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചപ്പോള്‍ കഴുത്തുഞെരിച്ച് കൊന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍, മരണം ഉറപ്പാക്കിയശേഷം കാട്ടുവള്ളികള്‍കൊണ്ട് കെട്ടിത്തൂക്കാന്‍ ശ്രമിച്ചിരുന്നു.

കേസിന്റെ തുടര്‍നടപടികള്‍ കൃത്യമായി നടത്തുമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ ഐ.ജി. മനോജ് എബ്രഹാം സഹോദരിക്ക് ഉറപ്പുനല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് സഹോദരിയുടെ ചിതാഭസ്മവുമായി ഇല്‍സ ലാത്വിയയിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസ് നടപടികള്‍ ഇഴയുന്നതിനാലാണ് യുവതിയുടെ സഹോദരി വീണ്ടും കേരളത്തിലെത്തി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളത്തിലേക്ക്

കേരളത്തിലെ കാഴ്ചകള്‍ കാണാന്‍ 2018-ല്‍ ലാത്വിയയില്‍നിന്ന് ഒരുമിച്ചെത്തിയതാണ് സഹോദരിമാര്‍. കോവളം ബീച്ചിനു സമീപത്തുവെച്ച് കാണാതായ സഹോദരിമാരില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ് പിന്നീട് അറിയുന്നത്. മാസങ്ങളോളം നീണ്ട പോരാട്ടം നടത്തിയാണ് കൊലപാതകത്തിനു പിന്നിലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചത്.

ആദ്യം ആത്മഹത്യയെന്നു കരുതിയ കേസ്, മനുഷ്യാവകാശ കമ്മിഷന്റെയുള്‍പ്പെടെ ഇടപെടലുകളെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. തന്റെ കൂടെപ്പിറപ്പിന്റെ ചിതാഭസ്മവുമായി കണ്ണീരോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇവിടെനിന്ന് അയര്‍ലഡിലേക്ക്  മടങ്ങിയത്.മാതാപിതാക്കളുടെ അടുത്തെത്തി അവിടെ സഹോദരിക്കായി ശവകുടീരവും നിര്‍മിച്ചു. കേരളത്തിലെ പോലീസ് അന്വേഷണത്തിന്റെയും കോടതി നടപടികളുടെയും പുരോഗതി അറിയാന്‍ ഇവര്‍ നിരന്തരം ഇവിടത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍, പ്രതികളെ പിടിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസിന്റെ വിചാരണ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. നിശ്ചിതകാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചു. 

Content Highlights: foreign woman killed in kovalam accused got bail victims sister approaches highcourt