നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ സിംബാബ്‌വെ സ്വദേശിനി ഷാരോൺ ചിഗ്വാസയോടൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നതായി കണ്ടെത്തി. സിംബാബ്‌വെ സ്വദേശികളായ ഇവർ കൊച്ചിയിലിറങ്ങി ബെംഗളൂരു വഴി ഡൽഹിക്ക് കടന്നു. യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇവരെ കണ്ടെത്താൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിപുലമായ അന്വേഷണം തുടങ്ങി.

യുവതി കാരിയറാണെന്നും മറ്റ് രണ്ടു പേർ ഇവർക്ക് സംരക്ഷകരായി എത്തിയതാണെന്നുമാണ് വിവരം. യുവതി ആദ്യമായാണ് മയക്കുമരുന്നുമായി കൊച്ചിയിലെത്തുന്നത്. ഒപ്പം വന്നവർ മുമ്പും ഇന്ത്യയിൽ വന്നിട്ടുള്ളവരാണെന്നാണ് സൂചന. അന്വേഷണം ബെംഗളൂരുവിലേക്കും ഡൽഹിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് യുവതിയോടൊപ്പമുണ്ടായിരുന്നവരെന്നാണ് വിവരം.

അഞ്ച് പായ്ക്കറ്റുകളിലുണ്ടായിരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നാണ് യുവതിയിൽനിന്നു പിടിച്ചത്. ഹെറോയിനാണിതെന്നാണ് നിഗമനം. ലാബ് പരിശോധനയ്ക്കു ശേഷം മാത്രമേ ഏതുതരം മയക്കുമരുന്നാണിതെന്ന് കൃത്യമായി പറയാനാകൂ എന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹ വഴിയാണ് യുവതി കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് ബെംഗളൂരു വഴി ഡൽഹിക്ക് പോകാനായിരുന്നു ലക്ഷ്യം. ബാഗേജ് പരിശോധനയ്ക്കിടെ സിയാൽ സുരക്ഷാ വിഭാഗമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.

കൊണ്ടുവന്നത് മൂന്നിടത്തേക്ക്

നെടുമ്പാശ്ശേരി: മയക്കുമരുന്ന് മൂന്നിടത്ത് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ ഷാരോൺ ചിഗ്വാസ വെളിപ്പെടുത്തി. ഡൽഹി, ബെംഗളൂരു ലഹരി സംഘങ്ങൾക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാൽ, ആർക്കെല്ലാം കൈമാറാനാണ് കൊണ്ടുവന്നതെന്ന ചോദ്യത്തിന് അവ്യക്തമായ മറുപടിയാണ് ലഭിച്ചത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കസ്റ്റഡിയിലാണ് നിലവിൽ ചിഗ്വാസ. കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ സംയുക്തമായാണ് മയക്കുമരുന്ന് കടത്ത് കേസ് അന്വേഷിക്കുന്നത്.

ചിഗ്വാസ ഡൽഹിയും ബെംഗളൂരുവും മുമ്പും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, കൊച്ചിയിൽ ആദ്യമാണ്. ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കൈമാറ്റം വിദേശത്തുവെച്ചാണെന്നാണ് ലഭിച്ചിട്ടുള്ള വിവരം.

കസ്റ്റംസ് വീഴ്ച

മയക്കുമരുന്നുമായി എത്തിയ സിംബാബ്‌വെ സ്വദേശിനിയെ യഥാർത്ഥത്തിൽ പിടികൂടേണ്ടിയിരുന്നത് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. എന്നാൽ, അവരുടെ കണ്ണു വെട്ടിച്ച് കടന്ന യുവതിയെ ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ സിയാൽ സെക്യൂരിറ്റി പിടികൂടുകയായിരുന്നു. ഇക്കാര്യത്തിൽ കസ്റ്റംസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടിയതായാണ് സൂചന. കൊച്ചിയിലിറങ്ങി ബെംഗളൂരു വഴി ഡൽഹിക്ക് പോകാൻ ലക്ഷ്യമിട്ടതുകൊണ്ടാണ് ആഭ്യന്തര യാത്രക്കാർക്കായുള്ള ബാഗേജ് പരിശോധനയിൽ ഇവർ കുടുങ്ങിയത്. ഇവർ കൊച്ചിയിൽ യാത്ര അവസാനിപ്പിച്ചിരുന്നുവെങ്കിൽ ഇത് പിടികൂടാനാകുമായിരുന്നില്ല.