നെടുമ്പാശ്ശേരി: കോടികൾ വിലവരുന്ന മയക്കുമരുന്നുമായി വിദേശയുവതി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. ഖത്തർ എയർവേയ്സ് വിമാനത്തിലെത്തിയ സിംബാബ്വെ സ്വദേശിനി ഷാരോൺ ചിഗ്വാസ (31)യാണ് പിടിയിലായത്. ദോഹ വഴി കൊച്ചിയിലെത്തിയ ശേഷം ഇവിടെനിന്ന് ബെംഗളരു വഴി ഡൽഹിക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പിടയിലായത്.

ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ സിയാൽ സുരക്ഷാ വിഭാഗമാണ് ഇവരെ പിടികൂടിയത്. തുടർന്ന് ഇവരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. അഞ്ചു പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുള്ള മൂന്നു കിലോ മയക്കുമരുന്നാണ് ബാഗിൽ ഉണ്ടായിരുന്നത്. ഹെറോയിൻ ആണെന്നാണ് സംശയം. വിശദപരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.