മുംബൈ: മുസ്‌ലിം സ്ത്രീകളെ മൊബൈൽ ആപ്ലിക്കേഷനായ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിൽ ലേലത്തിന് വെച്ച വിദ്വേഷ കാമ്പയിനുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതികളായ യുവതിയേയും എഞ്ചിനീയറിങ്  വിദ്യാർഥിയേയുമാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽനിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ്‌ ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി വിശാൽകുമാറിനെ ജനുവരി 10 വരെ പോലീസ് കസ്റ്റഡിയിൽ അയച്ചു. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പോലീസ് പറയുന്നു.

ബുള്ളി ബായ്‌ എന്ന മൊബെൽ ആപ്പിലാണ്‌ വിവിധമേഖലകളിൽ മികവ്‌ തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ പേരും ചിത്രങ്ങളും പങ്കുവെച്ച്‌ വിൽപ്പനയ്ക്ക്‌ എന്നപേരിൽ പരസ്യം നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്രസർക്കാർ ബുള്ളിഭായ്‌ ആപ്പ്‌ ബ്ലോക്ക്‌ ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ പിടിയിലായ ശ്വേതാ സിങ്ങിനെ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ്‌ റിമാൻഡ്‌ വാങ്ങി മുംബൈയിലെത്തിക്കുമെന്ന് പോലീസ്‌ അറിയിച്ചു. വിശാൽകുമാറും ഇവരും ഇൻസ്റ്റഗ്രാം വഴിയാണ് സുഹൃത്തുക്കളായത്‌. ബുള്ളിഭായ്‌ ആപ്പുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ അക്കൗണ്ടുകളാണ്‌ യുവതി കൈകാര്യംചെയ്തിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.

വിവാദമായ സുള്ളി ഡീൽസിനു പിന്നാലെയാണ്‌ മുസ്‌ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിനുവെച്ച്‌ വീണ്ടും വിദ്വേഷകാമ്പയിൻ നടന്നത്‌.

Content Highlights: Mumbai Police arrests main accused in Bulli Bai App Case