ചെങ്ങമനാട് (കൊച്ചി): അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് 'ഷവര്‍മ' കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സോമന്‍ (23), പുതിയേടന്‍ റെനൂബ് രവി (21), വാടകപ്പുറത്ത് ജിഷ്ണു വേണു (25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലപ്രശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ. അനില്‍ (23) എന്നിവരെ ചെങ്ങമനാട് ഗവ. ആശുപത്രിയിലും കുന്നുകര മനായിക്കുടത്ത് സുധീര്‍ സലാം (35), മക്കളായ ഹൈദര്‍ (7), ഹൈറ (5) എന്നിവരെ ദേശം സി.എ. ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടേയും നില ഗുരുതരമല്ല.

വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ ബേക്കറിയില്‍ നിന്നും ഷവര്‍മ കഴിച്ചത്. ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.

ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതിനേ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് എസ്.ഐ. പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പോലീസ് ബേക്കറി അടപ്പിച്ചു. ഉടമ ആന്റണിയെ (64) അറസ്റ്റ് ചെയ്തു.

ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ 'മയോണൈസ്' മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.