ബെംഗളൂരു: ഭക്ഷണം വീടുകളിലെത്തിച്ചു നല്‍കുന്നതിന്റെ മറവില്‍ വന്‍തുകയ്ക്ക് മദ്യം വില്‍പ്പന നടത്തിവന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിടിയില്‍. ദൊഡ്ഡദൊഗരു സ്വദേശി ജയ്പാലിനെ(29) യാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി സോമശേഖരപാളയയിലെ ഒരു വീട്ടില്‍ മദ്യമെത്തിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ ഇയാള്‍ മറ്റൊരു സ്ഥാപനത്തിന്റെപേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്. ഇതോടെ സംശയം തോന്നിയ പോലീസ് ജയ്പാലിനെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

ഇയാളുടെ ബാഗില്‍നിന്ന് 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തി. ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണ വിതരണ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ഫോണില്‍ വിളിച്ച് മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാളുടെ രീതി. താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ഭക്ഷണത്തോടൊപ്പം മദ്യവും എത്തിച്ചു നല്‍കും. നാലിരട്ടി വിലയാണ് മദ്യത്തിന് ഈടാക്കിയിരുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളും സുഹൃത്തുക്കളും വന്‍തോതില്‍ മദ്യം ശേഖരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

തൊട്ടടുത്ത ദിവസം മുതല്‍ ഇവ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു. ഇയാളുടെ രണ്ടു സൃഹുത്തുക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. അനധികൃതമായി മദ്യം വില്‍ക്കുന്നവരുടെ എണ്ണം നഗരത്തില്‍ കൂടി വരികയാണ്. ചില മദ്യശാലകളിലെ ജീവനക്കാരും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. നാലും അഞ്ചും ഇരട്ടിയോളം രൂപയാണ് ഇവര്‍ മദ്യം വാങ്ങുന്നവരില്‍നിന്ന് ഈടാക്കുന്നത്.

നേരത്തേ നഗരത്തിലെ ഒരു പ്രമുഖ മദ്യശാല ശൃംഖലയുടെ പേരില്‍ വ്യാജ ആപ്പ് നിര്‍മിച്ച് മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരുന്നു. ഈ കേസ് പോലീസ് അന്വേഷിച്ചു വരികയാണ്.

Content Highlights: food delivery employee arrested for delivering liquor with food in bengaluru