കൊച്ചി:   കൊച്ചിയില്‍ ഫ്‌ളാറ്റില്‍ വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ തൃശ്ശൂരിൽ നിന്ന് പിടിയിലായ മാർട്ടിൻ കൊച്ചിയിൽ ഒളിവിൽ താമസിച്ച ഫ്ളാറ്റിന്റെ ഉടമയായ യുവതിയേയും മർദിച്ചതായി പരാതി. മെയ് 31-ാം തീയതി മുതല്‍ ജൂണ്‍ എട്ടാം തീയതി പുലര്‍ച്ച വരെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫ്‌ളാറ്റിലായിരുന്നു.

മെയ് 31-ാം തീയതി യുവതിയുടെ സുഹൃത്തായ ധനേഷും മാര്‍ട്ടിനും ചേര്‍ന്ന് കാക്കനാടുള്ള ഫ്‌ളാറ്റില്‍ എത്തി ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഫ്ളാറ്റുടമയായ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അനുവദിക്കാതായതോടെ ഇവർ യുവതിയെ മര്‍ദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇതേത്തുടർന്ന് ഭയപ്പാടിലായ യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. 

യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എറണാകുളം വനിതാ സ്‌റ്റേഷന്‍ എസ് ഐ ശ്രീദേവി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.  

ജൂണ്‍ എട്ടാം തീയതിയാണ് മാർട്ടിൻ ഈ ഫ്ളാറ്റിൽ നിന്ന് പോയത്. അന്ന് പുലര്‍ച്ചെ നാലരയോടെ മാര്‍ട്ടിനും സുഹൃത്തുക്കളും കാക്കനാട്ടെ ഈ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചിരുന്നു. പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതികള്‍ കൊച്ചിയില്‍ മറ്റൊരു യുവതിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സുരക്ഷിതമായി കഴിയുകയായിരുന്നു.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാര്‍ട്ടിനെതിരേയും ഈ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്.  

Content Highlights: Flat rape case Martin and his friend stayed at kakkand after beating up the woman