ബെംഗളൂരു: അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച നിര്‍മാണത്തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിയും സഞ്ജയ് നഗറിലെ താമസക്കാരനുമായ സൗരവ് മിസ്ത്രി (23) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീടിനുസമീപത്തു താമസിച്ചിരുന്ന ഇയാള്‍ മൊബൈലില്‍ വീഡിയോ കാട്ടിത്തരാമെന്ന് വാഗ്ദാനംചെയ്ത് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തിരിച്ചുവന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് താമസസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടി.

അതേസമയം പ്രതിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി. ഞായറാഴ്ച രാത്രിയോടെ 500-ഓളം പേരാണ് സഞ്ജയ് നഗര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായെത്തിയത്.

പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട നാട്ടുകാരെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും ബൈരതി സുരേഷ് എം.എല്‍.എ.യും എത്തിയാണ് അനുനയിപ്പിച്ചത്. പ്രതിക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന് ഉറപ്പുലഭിച്ചതോടെയാണ് രണ്ടുമണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിച്ചത്. ഇതിനിടെ കന്നഡ അനുകൂല സംഘടനകളും പ്രതിഷേധത്തിന് പിന്തുണനല്‍കി രംഗത്തെത്തി.

സഞ്ജയ് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. സമൂഹവിരുദ്ധരുടെ ശല്യം കൂടിയതോടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Content Highlights: five year old girl raped in bengaluru locals held protest in front of police station