സൂറത്ത്: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ പിതാവ് തല്ലിക്കൊന്നു. ഗുജറാത്തിലെ ബൊർഹാത്ത ഗ്രാമത്തിലെ ലാലു രാജു(19) എന്നയാളെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ചോക്ലേറ്റ് തരാമെന്ന് പറഞ്ഞാണ് ലാലു കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് സമീപത്തെ പൊതുശൗചലായത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി കരഞ്ഞുകൊണ്ടാണ് ശൗചാലയത്തിൽനിന്നും ഇറങ്ങിയോടിയത്. ഈ കാഴ്ച ലാലുവിന്റെ അമ്മ കാണുകയും പെൺകുട്ടിയെ പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവം കണ്ടതോടെ കുട്ടി പീഡനത്തിനിരയായെന്ന് അമ്മയ്ക്ക് ബോധ്യമായി. തുടർന്ന് ലാലുവിനെയും കൂട്ടി ഇവർ പെൺകുട്ടിയുടെ പിതാവിനെ കാണാൻ പോയി.

മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാനാണ് ഇരുവരും പെൺകുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ ലാലു മകളെ പീഡിപ്പിച്ചെന്നറിഞ്ഞതോടെ അഞ്ച് വയസ്സുകാരിയുടെ പിതാവിന് നിയന്ത്രണം നഷ്ടമായി. ലാലുവിന്റെ ജനനേന്ദ്രിയത്തിൽ നിരവധി തവണ തൊഴിച്ച ഇയാൾ വടി കൊണ്ട് യുവാവിനെ മർദിക്കുകയും ചെയ്തു. ബോധരഹിതനായ ലാലുവിനെ പിന്നീട് ബറൂച്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.

രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ബറൂച്ച് ഡി.വൈ.എസ്.പി. ചിരാഗ് ദേശായ് മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ചതിനും യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലുമാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Content Highlights:five year old girl raped by youth in gujrat her father killed accused later