സൂറത്ത്: ഡിന്‍ഡോളിയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരനായ 15-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരിയെ പീഡിപ്പിച്ചെന്ന് 15-കാരന്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 30 ഞായറാഴ്ച രാത്രിയാണ് അഞ്ച് വയസുകാരി പീഡനത്തിനിരയായത്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ആണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്ന് രക്തക്കറയും ബീജവും കണ്ടെത്തിയെന്നും, ഇതിനുശേഷം വിശദമായി ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചതെന്നും പോലീസ് വ്യക്തമാക്കി. 

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രതി ഇവര്‍ താമസിക്കുന്ന കുടിലിലെത്തിയത്. മാതാപിതാക്കളും സഹോദരിയും ഈ സമയം ഉറങ്ങുകയായിരുന്നു. 15-കാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരി മൂത്രംഒഴിക്കാനായി എഴുന്നേറ്റു. കുടിലിനോട് ചേര്‍ന്ന് ശുചിമുറി ഇല്ലാത്തതിനാല്‍ സഹോദരന്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവച്ചാണ് സഹോദരിയെ ബലാത്സംഗം ചെയ്തത്. 

പീഡനത്തിനുശേഷം സഹോദരിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച 15-കാരന്‍ വീട്ടിലെത്തി ഉറങ്ങുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി തനിയെയാണ് വീട്ടിലേക്ക് വന്നത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാം വെളിപ്പെടുത്തി. തുടര്‍ന്ന് മകനെ ഇവര്‍ ശാസിക്കുകയും തല്ലുകയും ചെയ്തു. 

അതിനിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കാന്‍ മാതാപിതാക്കള്‍ ആദ്യം തയ്യാറായിരുന്നില്ല. സംഭവം രഹസ്യമാക്കിവയ്ക്കാനാണ് മകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് വയസുകാരിയുടെ ആരോഗ്യനില മോശമായതോടെ മാതാപിതാക്കള്‍ തന്നെ മകളെ ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

അഞ്ച് വയസുകാരി പീഡനത്തിനിരയായെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുറത്തുനിന്നെത്തിയ ആരോ മകളെ പീഡിപ്പിച്ചെന്നായിരുന്നു മാതാപിതാക്കള്‍ പോലീസിനോട് ആദ്യംപറഞ്ഞത്. മകനെ രക്ഷിക്കാനായി ഇവര്‍ മൊഴി ആവര്‍ത്തിക്കുകയും അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലം പരിശോധിച്ച പോലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ അന്വേഷണം കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചായി. ഇതോടെയാണ് സഹോദരന്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയത്.