പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശിനി കനകയുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനായ അലക്‌സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു.

നാല് മാസം മുമ്പാണ് കനകയും അലക്‌സും കുമ്പഴയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്‌സിനൊപ്പം താമസം തുടങ്ങിയത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക ചലനമറ്റനിലയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. അലക്‌സിനോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ കനകയെ മര്‍ദിച്ചു. തുടര്‍ന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. 

കഴിഞ്ഞ രണ്ട് ദിവസമായി അലക്‌സ് കുട്ടിയെ മര്‍ദിച്ചിരുന്നതായി കനക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Content Highlights: five year old girl killed in pathanamthitta after brutal attack her step father in police custody