ഹൈദരാബാദ്: അഞ്ച് വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തെലങ്കാന കുശൈഗുഡ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ജി. കരുണകാറിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ജൂലായ് രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയായ യുവതിയും കരുണാകറും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇതിനിടെ കരുണാകർ മറ്റൊരു യുവതിയുമായും ബന്ധം തുടങ്ങി. ഇതോടെ അഞ്ച് വയസ്സുകാരിയുടെ അമ്മ കരുണാകറിന്റെ സുഹൃത്തുമായും അടുപ്പത്തിലായി. എന്നാൽ ഇരുവരും അടുപ്പം തുടരുന്നത് കരുണാകറിന് ഇഷ്ടപ്പെട്ടില്ല.

രണ്ടാം തീയതി തന്റെ സുഹൃത്ത് യുവതിയുടെ വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് കരുണാകർ എത്തിയത്. കരുണാകർ വരുന്നതറിഞ്ഞ് യുവതി സുഹൃത്തിനെ കുളിമുറിയിൽ ഒളിപ്പിച്ചു. ഇതേതുടർന്ന് യുവതിയും കരുണാകറും തമ്മിൽ തർക്കം ഉടലെടുത്തു. അഞ്ച് വയസ്സുകാരിയായ മകൾ വഴക്ക് നടക്കുന്ന മുറിയിലുണ്ടായിരുന്നു. വഴക്കിനിടെ യുവതി പെട്ടെന്ന് മുറിയിൽനിന്ന് പുറത്തേക്ക് ഓടുകയും വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇതിൽ കുപിതനായാണ് കരുണാകർ മുറിയിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത്. കഴുത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights:five year old girl killed by her mothers friend