സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദശ് റേവാ സ്വദേശി സുജിത് സകേതി(27)നെയാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമായാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.

ഏപ്രിൽ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികകൃത്യം നിർവഹിക്കാൻ പോയ പെൺകുട്ടിയെ ചോക്ലേറ്റ് നൽകിയാണ് സുജിത് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിനിടെ പെൺകുട്ടി നിലവിളിച്ചതോടെ കല്ല് കൊണ്ട് ക്രൂരമായി മർദിക്കുകയും പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.

ഇതിനിടെ, കാണാതായ പെൺകുട്ടിക്കായി വീട്ടുകാരും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് പോലീസിലും പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസികളായ ഒട്ടേറെപേരെ പോലീസ് ചോദ്യംചെയ്തു. ഇതിനിടെയാണ് സുജിത്തിനെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.

രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും സുജിത്തും തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights:five year girl brutally raped and murdered by youth in gujarat