കൊല്ലം : കുണ്ടറയിൽ അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചു. അമ്മയും മൂന്നു മാസവും രണ്ടു വയസ്സും പ്രായമുള്ള രണ്ടു കുട്ടികളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു വയസ്സുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു. മൺറോത്തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേർഡും (അജിത്-40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വർഷ (26), മക്കളായ അലൈൻ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്.

ഇവർ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ കുടുംബവീട്ടിലായിരുന്നു.

രണ്ടു ദിവസം മുൻപ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേർഡ് വർഷയെ നിർബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

വർഷ വീട്ടിലെത്തിയതുമുതൽ ഇരുവരും തമ്മിൽ വഴക്കു നടന്നിരുന്നതായി അയൽക്കാർ പറയുന്നു. സമീപത്തെ രാഷ്ട്രീയപ്രവർത്തകനെ വിളിച്ചു വരുത്തി ഇവരുടെ ബന്ധുവിന്റെ ഫോൺനമ്പർ നൽകി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് നാലരയോടെ അയൽവാസി ഇവർക്ക് പാലു വാങ്ങി നൽകി.

എഡ്വേർഡ് എത്തി പാലു വാങ്ങി അകത്തേക്കുപോയി. അഞ്ചരയോടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവിൽ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകിയതായാണ് സൂചന. മൂത്തമകൾ പാനീയം കുടിക്കാതെ കളയുകയായിരുന്നു.

അലൈൻ, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വർഷയെയും എഡ്വേർഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വർഷയും മരിച്ചു. എഡ്വേർഡ് അതീവഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വർഷയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലും കുട്ടികളുടെ മൃതദേഹങ്ങൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുമാണ്.

10 മാസംമുൻപാണ് കുടുംബം കേരളപുരത്ത് താമസമാക്കിയത്. കുടുംബകലഹങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് അയൽക്കാരും പറയുന്നു. കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പു കിട്ടിയതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)