ഭോപ്പാല്‍: വിവാഹവേദിയിലെത്തിയ ഹാര്‍ദ്ദ സ്വദേശിയായ വരനും കൂട്ടരും ആദ്യം ഞെട്ടി. വിവാഹവേദിയായ ഹാള്‍ പൂട്ടിയിട്ടിരിക്കുന്നു. വധുവിനെയും കൂട്ടരെയും കാണാനുമില്ല. ഉടന്‍തന്നെ വരനും സംഘവും പോലീസ് സ്‌റ്റേഷനിലെത്തി. പക്ഷേ,  സ്‌റ്റേഷനിലെത്തിയപ്പോള്‍ കണ്ടത് സമാന പരാതിയുമായെത്തിയ മറ്റ് നാല് വരന്മാരെ. ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ പിടിയിലായത് യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ വിവാഹത്തട്ടിപ്പ് സംഘവും. 

മധ്യപ്രദേശിലെ ഭോപ്പാല്‍ കോലാര്‍ റോഡിലാണ് യുവാക്കള്‍ വിവാഹത്തിട്ടിപ്പിനിരയായത്. നേരത്തെ വിവാഹം ഉറപ്പിച്ച് പണം സ്വന്തമാക്കിയ ശേഷം വധുവിന്റെ കൂട്ടരെന്ന് പരിചയപ്പെടുത്തിയവര്‍ ഇവരെ വിവാഹചടങ്ങ് നടത്താനായി ഭോപ്പാലിലേക്ക് ക്ഷണിക്കുകയായിരുന്നു. വധുവിന്റെ കൂട്ടര്‍ പറഞ്ഞതനുസരിച്ച് വിവാഹവേദിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി വരന്മാരായ യുവാക്കള്‍ തിരിച്ചറിഞ്ഞത്. ഒരേദിവസം അഞ്ച് യുവാക്കളാണ് തട്ടിപ്പിനിരയായത്. തുടര്‍ന്ന് ഇവരെല്ലാം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. 

അഞ്ച് യുവാക്കളെയാണ് വിവാഹത്തട്ടിപ്പിലൂടെ യുവതിയും കൂട്ടരും കബളിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരായ ഭൂപേന്ദ്രസിങ് പറഞ്ഞു. യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗസംഘമാണ് തട്ടിപ്പിന് പിന്നില്‍. വിവാഹം നടക്കാത്ത യുവാക്കളെ കണ്ടെത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യരീതി. തട്ടിപ്പ് സംഘത്തിലെ യുവാക്കള്‍ മൊബൈല്‍ നമ്പരടക്കം നല്‍കി വിശ്വാസം നേടും. തുടര്‍ന്ന് വധുവിനെ കാണാനായി ഭോപ്പാലിലേക്ക് ക്ഷണിക്കുകയും സംഘത്തിലെ യുവതിയെ പരിചയപ്പെടുത്തുകയും ചെയ്യും. വിവാഹം ഉറപ്പിക്കുന്നതോടെ വരനില്‍നിന്ന് 20,000 രൂപയാണ് സംഘം വാങ്ങിയിരുന്നത്. പിന്നീട് ഫോണിലൂടെ വിവാഹതീയതിയും വിവാഹവേദിയും അടക്കം നിശ്ചയിച്ച് വരനെയും കൂട്ടരെയും കബളിപ്പിച്ച് മുങ്ങുകയാണ് പതിവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Content Highlights: five grooms given bride missing complaint in bhopal