ചെന്നൈ: മധുരയില്‍ അഞ്ചുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉസിലാംപട്ടിക്ക് സമീപമുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മുത്തുപ്പാണ്ടി, കൗസല്യ എന്നിവരാണ് പിടിയിലായത്.

ഒളിവിലായിരുന്ന ഇവരെ ബന്ധുവീട്ടില്‍നിന്നാണ് പിടികൂടിയത്. ആദ്യത്തെ രണ്ടുമക്കളും പെണ്‍കുട്ടികളായതിനാല്‍ മൂന്നാമത്തെ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയതാകാമെന്ന് ആദ്യം മുതല്‍ സംശയമുണ്ടായിരുന്നു. 

കഴിഞ്ഞ 26-നാണ് അസുഖം മൂലം മരിച്ചുവെന്ന് പറഞ്ഞ് ദമ്പതിമാര്‍ നവജാതശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടത്. വിവരമറിഞ്ഞ വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള പരിക്കുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിനിടയില്‍ മുത്തുപ്പാണ്ടിയും കൗസല്യയും ഒളിവില്‍പ്പോയതോടെ നവജാതശിശുവിനെ ഇരുവരും കൊന്നതാകാമെന്ന സംശയം ബലപ്പെട്ടു. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പേരയൂരിലെ ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന ഇവരെ പിടികൂടിയത്.