മെഡിക്കൽ കോളേജ്(തൃശ്ശൂർ): ഗവ. മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ. ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായാണ് പ്രതികൾ പിടിയിലായത്. മങ്ങാട് കോട്ടപ്പുറം പുത്തൂർ വീട്ടിൽ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടിൽ അഭിജിത്ത് (23), നെല്ലുവായി മണ്ണൂർ പനയംപറമ്പിൽ ശരത്ത് (24), കാണിപ്പയ്യൂർ മലയംചാത്ത് രഞ്ജിത്ത് (19), കുണ്ടന്നൂർ വടക്കുമുറി എഴുത്തുപുരയ്കൽ സനീഷ് (24) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.

ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് വിൽപ്പന നടത്തിയിരുന്നത്. അര ഗ്രാം വീതമുള്ള പൊതികളാക്കിയായിരുന്നു വിൽപ്പന. ഒരു പൊതിക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്നുകൾ സൂക്ഷിക്കുന്നതും വിൽപ്പനക്കുള്ള ആസൂത്രണങ്ങൾ നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടിൽവെച്ചായിരുന്നു. സംഘത്തിലെ പ്രധാനി ജിത്തുവിന് രഞ്ജിത്താണ് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത്. രഞ്ജിത്തിന് മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ചില വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പും പോലീസിന് സൂചനകൾ ലഭിച്ചിരുന്നു. കഞ്ചാവ് പിടിച്ച സംഭവത്തിൽ സനീഷ്, അഭിജിത്ത്, ശരത്ത് എന്നിവരുടെ പേരിൽ നിലവിൽ പാലക്കാട് ജില്ലയിലെ പോലീസ് സ്റ്റേഷനിലും എക്സൈസിലും കേസുകളുണ്ട്.

മെഡിക്കൽ കോളേജ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ അനന്തലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.