അരൂർ: മാരക മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കൾ എക്സൈസ് പിടിയിലായി. ഇടക്കൊച്ചി മനേഴത്ത് വിപിൻ വിനോദ് (20), ഇടക്കൊച്ചി ഞാറേക്കാട്ട് അക്ഷയ് (19), അരൂർ തിരുത്താളിൽ അഭിഷേക് (18), അരൂർ തിരുത്താളിൽ അഭിനവ് (19), അരൂർ ഉള്ളാടവെളിയിൽ അശ്വിൻ (19) എന്നിവരെയാണ് കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി കുമ്പളങ്ങി ഫെറിയിൽനിന്ന് പിടികൂടിയത്.

ഇവരുടെ കൈയിൽ നിന്നും 170 മില്ലിഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പ്, 160 മില്ലിഗ്രാം എം.ഡി.എം.എ., 2.98 ഗ്രാം ഹാഷിഷ് ഓയിൽ, 14 ഗ്രാം കഞ്ചാവ് എന്നിവയും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. ബെംഗളൂരുവിലുള്ള സുഹൃത്തുക്കൾ വഴിയാണ് മയക്കുമരുന്നുകൾ യുവാക്കളുടെ കൈകളിലെത്തുന്നത്.

ഇവർ സ്വയം ഉപയോഗിക്കുകയും മറ്റ് സുഹൃത്തുക്കൾക്ക് വിൽക്കുകയും ചെയ്തിരുന്നതായി എക്സൈസ് സംഘം പറയുന്നു. മയക്കുമരുന്ന് എത്തിച്ചുനൽകിയവർ കേരളം വിട്ടതായിട്ടാണ് കരുതുന്നത്. അസി. എക്സൈസ് ഇൻസ്പെക്ടർ ബിനീഷ്, പ്രിവന്റീവ് ഓഫീസർ സുമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുധികുമാർ, സാജൻ ജോസഫ്, അഭിലാഷ്, മോബി വർഗീസ്, പ്രവീൺകുമാർ, ഉമേഷ്, വിപിൻ, ശ്രീജിത്ത്, ഷൈനി എന്നിവരും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.

Content Highlights:five arrested with drugs in kumbalangi