മൂന്നാര്‍: വിപണിയില്‍ അഞ്ചു കോടി രൂപ വില മതിക്കുന്ന അഞ്ചു കിലോ തിമിംഗില ഛര്‍ദി (ആംബര്‍ഗ്രിസ്) യുമായി മൂന്നാര്‍ സ്വദേശിയടക്കം അഞ്ചു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. പഴയ മൂന്നാര്‍ സ്വദേശി മുനിയസ്വാമി (48), ഇയാളുടെ സഹോദരന്‍ തമിഴ്‌നാട് വത്തലഗുണ്ഡില്‍ താമസിക്കുന്ന മുരുകന്‍ (42), വത്തലഗുണ്ട് സ്വദേശി രവികുമാര്‍ (40), തേനി എരുമചോല സ്വദേശി വേല്‍മുരുകന്‍ (43), തേനി കല്ലാര്‍ സ്വദേശി സേതു (21) എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട് സ്വദേശികളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ആംബര്‍ഗ്രിസ് കൈമാറാന്‍ ശ്രമിക്കുന്നതായ രഹസ്യവിവരം വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിജിലന്‍സ് സംഘവും മൂന്നാര്‍ റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പഴയ മൂന്നാറിലെ ലോഡ്ജില്‍നിന്നു വെള്ളിയാഴ്ച വൈകീട്ട് ഇവരെ പിടികൂടിയത്.

ഇവരില്‍നിന്നു പിടിച്ചെടുത്ത ആംബര്‍ഗ്രിസ് പെര്‍ഫ്യൂം നിര്‍മാണത്തിനും വിദേശമദ്യ നിര്‍മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ആംബര്‍ഗ്രിസ് ലഭിച്ചത് എവിടെനിന്നെന്നും ആര്‍ക്കാണ് കൈമാറാന്‍ കൊണ്ടുവന്നതെന്നും അറിയാന്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്.

മൂന്നാര്‍ റെയ്‌ഞ്ചോഫീസര്‍ എസ്.ഹരീന്ദ്രകുമാര്‍, വിജിലന്‍സ് ഡെപ്യൂട്ടി റേഞ്ചര്‍ ജെയ്‌സണ്‍ ജോസഫ്, ബി.എഫ്.ഒ.മാരായ സുധീഷ് സോമന്‍, ദീനീഷ് കെ.എസ്, ഉമ്മര്‍കുട്ടി എം.പി, ഷിബുക്കുട്ടന്‍, അലന്‍ലാല്‍ സി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlights: five arrested with ambergris in munnar idukki