ഉദുമ: പാലക്കുന്നിൽ മോഷണംപോയ ഡെന്റൽ ഡോക്ടറുടെ കാർ കോയമ്പത്തൂരിൽനിന്ന് ബേക്കൽ പോലീസ് പിടികൂടി. അഞ്ചുപേർക്കെതിരെ കേസ്. നാലുപേരെ അറസ്റ്റു ചെയ്തു. പിടിയിലായത് അന്തസ്സംസ്ഥാന വാഹനമോഷ്ടാക്കൾ.

ഒന്നാം പ്രതി കാസർകോട് വിദ്യാനഗർ കോപ്പയിലെ എം.എച്ച്. മുഹമ്മദ് അഫ്സൽ (24), മറ്റു പ്രതികളായ വയനാട് കല്പറ്റയിലെ പി. രഞ്ജിത്ത്, ബത്തേരിയിലെ പി. ഉനൈസ്, സുൽത്താൻബത്തേരി മട്ടത്തിൽ ഹൗസിലെ ജോസിൻ ടൈറ്റസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. പാലക്കുന്നിൽനിന്ന് കാർ മലപ്പുറത്തേക്ക് ഓടിച്ചുകൊണ്ടുപോയ ആളെ പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞമാസം 29-ന് പകൽ രണ്ടുമണിക്കാണ് പാലക്കുന്ന് ക്ഷേത്രത്തിന് എതിർവശത്തെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കർണാടക രജിസ്ട്രേഷൻ ഉള്ള കാർ കാണാതായത്. ഉഡുപ്പി സ്വദേശിയും കാസർകോട് ചൂരിയിൽ താമസക്കാരനുമായ ഡോ. നവീൻ ഡയസിന്റെ കാറാണ് മോഷ്ടിക്കപ്പെട്ടത്. പാലക്കുന്നിലെ ക്ലിനിക്കിൽ എത്തിയതായിരുന്നു ഡോക്ടർ.

മോഷണം കൃത്യമായ ആസൂത്രണത്തിലൂടെ

കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ജനുവരിയിൽ തന്നെ ഈ കാറിന്റെ ഒരു താക്കോൽ കൈവശപ്പെടുത്തിയിരുന്നു. ആ താക്കോൽ ഉപയോഗിച്ചാണ് മൂന്നുമാസത്തിനുശേഷം കാർ പാലക്കുന്നിൽനിന്ന് മോഷ്ടിച്ചത്. മോഷ്ടിച്ച കാർ ആദ്യം മലപ്പുറം അരീക്കോട് എത്തിക്കുകയും. അവിടെനിന്ന് കോയമ്പത്തൂരിൽ വിൽക്കുകയുമായിരുന്നു. പക്ഷേ, സമർഥമായ അന്വേഷണത്തിൽ ഇവരുടെ ആസൂത്രണം പൊളിയുകയും എല്ലാവരും അഴിക്കുള്ളിലാകുകയും ചെയ്തു.

ബേക്കൽ ഡിവൈ.എസ്.പി. കെ.എം. ബിജു, സി.ഐ. ടി.വി. പ്രതീഷ്, എസ്.ഐ. സാബു തോമസ്, എ.എസ്.ഐ. അബൂബക്കർ, സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാർ, ജിതേഷ്, നികേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൈയടി മുഴുവൻ പോലീസിന്

കഴിഞ്ഞ മാസം 29-ന് പട്ടാപ്പകൽ തിരക്കേറിയ സ്ഥലത്തുനിന്ന് കാർ മോഷണം പോയെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘം അലാറം മുഴക്കാതെ കാർ കടത്തിയവരുടെ കൈവശം താക്കോൽ ഉണ്ടാകുമെന്ന് ആദ്യം തന്നെ നിഗമനത്തിലെത്തി. കാറിന്റെ രണ്ടാം താക്കോൽ എവിടെയുണ്ട് എന്ന് അന്വേഷണത്തിൽ കഴിഞ്ഞ ജനുവരിമുതൽ അത് നഷ്ടപ്പെട്ട വിവരം ഉടമസ്ഥൻ പോലീസിനെ അറിയിച്ചു. കാസർകോട്ടെ ഒരു കടയിൽനിന്ന് ഫർണിച്ചർ വീട്ടിലെത്തിയ ദിവസമാണ് താക്കോൽ കാണാതായതെന്നറിഞ്ഞതോടെ പോലീസ് ആ വഴിക്ക് നീങ്ങി. അന്ന് ഡ്രൈവറായി എത്തിയത് ഈ കേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട അഫ്സൽ ആയിരുന്നു.

കാർ മോഷണം പോയ ദിവസം അഫ്സലിന്റെ സാന്നിധ്യം പാലക്കുന്നിൽ ഉണ്ടായിരുന്നുവെന്നുകൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഇയാളിൽ കേന്ദ്രീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അഫ്സൽ മലപ്പുറം അരീക്കോട് വാടക ക്വാർട്ടേഴ്സിൽ ഉണ്ടെന്നറിഞ്ഞ് അവിടെയെത്തി പിടികൂടി. ചോദ്യം ചെയ്യലിൽ കാർ രഞ്ജിത്ത്, പി. ഉനൈസ് എന്നിവർക്ക് കൈമാറിയതായി വിവരം ലഭിച്ചു. അവരെ പിടികൂടിയപ്പോഴേക്കും വാഹനം കോയമ്പത്തൂരെത്തിയിരുന്നു. ഇവരെയുംകൂട്ടി കോയമ്പത്തുരെത്തി അന്വേഷിച്ചെങ്കിലും ആദ്യം കാർ കണ്ടെത്താനായില്ല. തുടരന്വേഷണത്തിലാണ് കോയമ്പത്തൂരിലെ ഒരു ഫ്ലാറ്റിൽനിന്ന് കാറും അത് കൈവശം വെച്ചിരുന്ന ജോസിനെയും കണ്ടെത്തുന്നത്.

കുടുങ്ങിയത് അന്തസ്സംസ്ഥാന വാഹനമോഷ്ടാക്കൾ

ഈ കേസിൽ ഇപ്പോൾ പിടിയിലായ നാലുപേരും വിവിധ സംസ്ഥാനങ്ങളിൽ പലതരം കേസുകളിൽപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. വാഹനമോഷണത്തിന് പുറമെ വിദ്യാനഗർ സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണ് അഫ്സൽ. രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ഉനൈസ് എന്നിവർ നിരവധി മയക്കുമരുന്ന്, വാഹനമോഷണ കേസുകളിൽ പ്രതികളാണ്.

നാലാം പ്രതി ജോസിൻ ബെംഗളൂരു, മൈസൂരു എന്നിവടങ്ങളിൽ വാഹനമോഷണ കേസ് ഉള്ളയാളാണ്. ഇതിനു പുറമെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് വാഹനമോഷണം, ഓൺലൈൻ തട്ടിപ്പ് എന്നിവയും ഈ സംഘത്തിനുണ്ടെന്ന് പോലീസ് പറഞ്ഞു. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പാലക്കുന്നിൽനിന്ന് വാഹനം മോഷ്ടിച്ചതെന്നും പോലീസ് അറിയിച്ചു.