പീരുമേട്: സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ വാറ്റുചാരായവില്പന നടത്തിയ സംഭവത്തിൽ അഞ്ചുപേർ പോലീസ്പിടിയിലായി. വണ്ടിപ്പെരിയാറിൽ വാറ്റുചാരായം വില്പന നടത്തിയ മൂന്ന് സന്നദ്ധപ്രവർത്തകരും ചാരായം ഉത്‌പാദിപ്പിച്ചുനല്കിയ ഏലപ്പാറ സ്വദേശികളായ രണ്ടുപേരുമാണ് പിടിയിലായത്. പത്തുലിറ്റർ ചാരായവും നാല്പതുലിറ്റർ കോടയും പിടികൂടി.

ഇടുക്കി ആന്റി നർകോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സന്നദ്ധപ്രവർത്തകർ പിടിയിലായത്. ഇവരിൽനിന്ന് പത്തുലിറ്റർ ചാരായം പിടിച്ചെടുക്കുകയും ചെയ്തു.

മ്ലാമല പുണ്ടികുളം മാന്തോപ്പിൽ വീട്ടിൽ അനീഷ്കുമാർ (30), എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിഷ്ണു (21), കോട്ടയിൽ വീട്ടിൽ സിബിൻ സെബാസ്റ്റ്യൻ (25) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റുചെയ്തത്. ഇവരിൽനിന്നാണ്, ചാരായം ഉത്‌പാദിപ്പിച്ചുനൽകുന്ന ഏലപ്പാറ കോഴിക്കാനം സ്വദേശികളെക്കുറിച്ച് പോലീസിന് അറിവ് കിട്ടിയത്. പീരുമേട് പോലീസ് ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവലിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരെ പിടികൂടി. കോഴിക്കാനം കിഴക്കേപുതുവലിൽ രാജൻ (37), റെക്സിൻ (35) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് നാല്പതുലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.