തൃശൂര്‍: ബ്ലാങ്ങാട് ബീച്ചില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് കഴുത്തിന് കുത്തേറ്റു. കന്യാകുമാരി സ്വദേശി അന്തോണിദാസി(35)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്തോണിയെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

murderഅന്തോണിദാസിനെ കുത്തിയ ബ്ലാങ്ങാട് ബീച്ച് മെഹ്രലി നഗറിലെ വാടകമുറിയിലെ താമസക്കാരന്‍ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിന്റുവിനെ (അബ്ദുള്ള-28) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചൂടുമൂലം മത്സ്യത്തൊഴിലാളികള്‍ ഭൂരിഭാഗവും കടപ്പുറത്ത് മണലിലാണ് രാത്രിയില്‍ കിടന്നുറങ്ങുന്നത്. ഉറങ്ങുകയായിരുന്ന അന്തോണിദാസിന്റെ അരികിലെത്തിയ പ്രതി ആദ്യം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. പിന്നീട് കീശയില്‍നിന്ന് പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അന്തോണിദാസ് ഉണര്‍ന്നു. ഇതോടെ രണ്ടുപേരും തമ്മില്‍ പിടിവലിനടക്കുകയും മിന്റു അന്തോണിദാസിന്റെ കഴുത്തിന്റെ വശത്ത് കുത്തുകയുമായിരുന്നു. 

പിടിവലിക്കിടെ അന്തോണിദാസ് മിന്റുവിന്റെ കൈത്തണ്ടയില്‍ കടിച്ചിരുന്നു. കടിയേറ്റുണ്ടായ മുറിവാണ് പിടികൂടാന്‍ സഹായകമായത്. ഓടിരക്ഷപ്പെട്ട അബ്ദുള്ള സ്വന്തം മുറിക്കു പകരം മറ്റു ബംഗാളികള്‍ താമസിക്കുന്ന സ്ഥലത്ത് പോയി കിടക്കുകയായിരുന്നു. ഇവിടെനിന്നാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അന്തോണിദാസിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണംചെയ്തുവരുകയാണ്. 

Content highlights: Robbery attempt, Crime news, Police, Thrissur