കുണ്ടറ : മാമൂട് മുണ്ടൻചിറയിൽ വീട്ടിൽ അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ മർദിച്ച് സ്വർണവും പണവും കൊള്ളയടിച്ച സംഘത്തിന്റെ വിരലടയാളങ്ങൾ പോലീസിനു ലഭിച്ചില്ല. ഇതിനിടെ നഷ്ടപ്പെട്ടെന്നു കരുതിയ 10 പവൻ സ്വർണം വീട്ടിനുള്ളിൽനിന്നു കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഏഴുപവന്റെ മാലയും ഒരുപവൻവീതമുള്ള രണ്ടുവളകളും ഒരുമോതിരവുമാണ് വീട്ടിനുള്ളിൽനിന്നുതന്നെ ലഭിച്ചത്. രണ്ടുലക്ഷത്തോളം രൂപയും 19 പവന്റെ ആഭരണങ്ങളും നഷ്ടപ്പെട്ടതായാണ് ചൊവ്വാഴ്ച കുടുംബാംഗങ്ങൾ പോലീസിനോടു പറഞ്ഞത്.

ചൊവ്വാഴ്ച രാത്രി 9.30-ഓടെ മാമൂട് മുണ്ടൻചിറ മാടൻകാവിനുസമീപം ജയചന്ദ്രന്റെ ചരുവിള പുത്തൻവീട്ടിലാണ് സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്.

കുടുംബാംഗങ്ങളെ മർദിച്ചു കെട്ടിയിട്ടശേഷം മോഷ്ടാക്കൾ ഒരുമണിക്കൂറോളം വീടുമുഴുവൻ അരിച്ചുപെറുക്കി. വീട്ടിനുള്ളിലെ അലമാരകളെല്ലാം കുത്തിപ്പൊളിച്ച് എല്ലാം വാരിവലിച്ചിട്ടനിലയിലായിരുന്നു.

വീട്ടിൽനിന്ന്‌ അക്രമികൾ എടുത്തുകൊണ്ടുപോയ ഒരു മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. ഇത് ഓഫാക്കിയനിലയിലാണ്.

ജില്ലയിലും പുറത്തും സമാനരീതിയിൽ കൊള്ളനടത്തിയ സംഘങ്ങളാരെങ്കിലുമാണോ ആക്രമണത്തിനുപിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിൽ സൂക്ഷിച്ചുവെച്ച നാലുലക്ഷം രൂപ ലഭിക്കണമെന്ന ആവശ്യവുമായാണ് സംഘമെത്തിയതെന്നാണ്‌ കുടുംബാംഗങ്ങൾ പറഞ്ഞത്. ജയചന്ദ്രന്റെ പണമിടപാടുകളെപ്പറ്റി ധാരണയുള്ളവരാണ് ആക്രമണത്തിനുപിന്നിലുള്ളതെന്ന് പോലിസ് സംശയിക്കുന്നുണ്ട്.

Content Highlights: Fingerprints couldnt be retrieved from the scene of masked robbery