ഹൈദരാബാദ്: പല തവണകളായി പോലീസ് 4,800 രൂപ പിഴ ഈടാക്കിയതില്‍ കുപിതനായി യുവാവ് ബൈക്ക് കത്തിച്ചു. തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് സ്വന്തം ബൈക്കിന് തീയിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

കര്‍ഷക തൊഴിലാളിയായ സങ്കപ്പയ്ക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 4,800 രൂപ പിഴയിട്ടിരുന്നു. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണ പോലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടപ്പോഴാണ് ഈ തുക പിഴയായി ചുമത്തിയത്. 

കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍നിന്ന് തന്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പയെ പോലീസ് വീണ്ടും പിടികൂടി. തുടര്‍ന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവന്‍ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ യുവാവ് ബൈക്കുമായി അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, ബൈക്കിനെ പിന്തുടര്‍ന്നെത്തിയ പോലീസ് പിന്നീട് കണ്ടത് യുവാവ് ബൈക്ക് കത്തിക്കുന്ന കാഴ്ചയായിരുന്നു. സമീപത്തെ കെട്ടിടത്തിന് സമീപം ബൈക്ക് നിര്‍ത്തിയ ഇയാള്‍ പെട്രോളൊഴിച്ച് ബൈക്കിന് തീയിട്ടെന്നാണ് പോലീസ് പറയുന്നത്. എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോള്‍ നിരന്തരം പിഴ ഈടാക്കുന്നതില്‍ കുപിതനായാണ് താന്‍ ഇത് ചെയ്തതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. 

Content Highlights: fined for violating traffic rules man sets his bike on fire in telangana