പാലക്കാട്:  സി.പി.എം. നിയന്ത്രണത്തിലുള്ള കാര്‍ഷിക സഹകരണ സംഘത്തിലും വന്‍ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണസംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹോണററി സെക്രട്ടറി വി.കെ. ജനാര്‍ദനനെയും ജീവനക്കാരനായ മണികണ്ഠനെയും സസ്‌പെന്‍ഡ് ചെയ്തു. 

നേരത്തെ സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയത്. കൃത്യമായ വിവരങ്ങളില്ലാതെയാണ് ഇവിടെനിന്ന് പലര്‍ക്കും വായ്പ നല്‍കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വായ്പ എടുത്തവരുടെ ഒപ്പ് പോലും രേഖപ്പെടുത്തിയിരുന്നില്ല. ഇവരുടെ മറ്റുവിശദാംശങ്ങള്‍ ലഭ്യമല്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. 

സാമ്പത്തിക ക്രമക്കേടില്‍ സി.പി.എം. നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് സഹകരണസംഘം ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിലവിലെ ഭരണസമിതിക്ക് യാതൊരു സാമ്പത്തിക നഷ്ടവുമില്ലെന്നാണ് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ജീവനക്കാര്‍ അവരവരുടെ പേപ്പര്‍ വര്‍ക്ക് ചെയ്തില്ലെന്നും അതാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും സി.പി.എം. നേതൃത്വം വ്യക്തമാക്കി. 

Content Highlights: financial fraud in palakkad kulukkallur agricultural improvement credit society