കരുവാരക്കുണ്ട്: ഒരേ മേല്‍വിലാസമുണ്ടാക്കിയ പൊല്ലാപ്പുമൂലം ചെയ്യാത്ത കുറ്റത്തിന് 12 വര്‍ഷമായി 15 ഓളം വാറന്റും സമന്‍സും ഏറ്റുവാങ്ങിയ സാമൂഹികപ്രവര്‍ത്തകന്‍ ഒ.പി. അബൂബക്കറിന് ഇനി ആശ്വസിക്കാം. യഥാര്‍ഥകുറ്റവാളിയായ അപരന്‍ തരിശ് മാമ്പറ്റയിലെ ഒ.പി. അബൂബക്കറിനെ (58) കരുവാരക്കുണ്ട് പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ കിഴക്കേത്തലയില്‍നിന്ന് പിടികൂടി.

രണ്ടുപേരുടെയും പേരും വിലാസവും ഒന്നായതിനാലാണ് ചെയ്യാത്ത കുറ്റത്തിന് സാമൂഹികപ്രവര്‍ത്തകനായ ഒ.പി. അബൂബക്കറിന് അറസ്റ്റുവാറണ്ടും സമന്‍സുമൊക്കെ ലഭിച്ചത്. പൊതുപ്രവര്‍ത്തകനായ അബൂബക്കറിനെ തേടി പോലീസ് വീട്ടില്‍വരുമ്പോഴാണ് നാട്ടില്‍ അപരന്‍ ഉള്ളത് അറിയുന്നത്.

അപരനെ പിടികൂടണം എന്നാവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. കുറ്റവാളിയായ അബൂബക്കര്‍ എടക്കര സ്വദേശിയാണങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കരുവാരക്കുണ്ട് മാമ്പറ്റയില്‍ താമസം ആരംഭിക്കുന്നത്. പോലീസ് പല സ്ഥലങ്ങളില്‍നിന്ന് പിടികൂടുമ്പോഴും കരുവാരക്കുണ്ടിലെ മേല്‍വിലാസമാണ് ഇദ്ദേഹം പോലീസിന് നല്‍കിയിരുന്നത്. ഇതോടെയാണ് സമന്‍സും അറസ്റ്റുവാറണ്ടും പൊതുപ്രവര്‍ത്തകനായ അബൂബക്കറിന് ലഭിച്ചിരുന്നത്.

Content Highlights: finally original op aboobacker in police custody