കരുമാല്ലൂര്‍: മാഞ്ഞാലി മാട്ടുപുറത്ത് സ്ത്രീകള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവതിക്ക് പരിക്കേറ്റു. കൈയ്ക്ക് കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുപുറം പുഞ്ചയില്‍ വാണിയക്കാട് സ്വദേശി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 

രണ്ടു സഹോദരന്‍മാരും ഭാര്യമാരുമടക്കം ഒരാഴ്ചമുമ്പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. രണ്ടുദിവസം മുമ്പ് ഇവരോടൊപ്പം മറ്റൊരു യുവതിയും താമസിക്കാനെത്തി. ഈ യുവതിയുമായി വഴക്കിട്ട സ്ത്രീ കത്തിയെടുത്തു കുത്തുകയായിരുന്നു.

കുത്തേറ്റ് കൈയ്ക്ക് ആഴത്തില്‍ മുറിവുണ്ട്. യുവതിയെ പറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ആലങ്ങാട് പോലീസെത്തി. യുവതിക്ക് പരാതിയില്ലെന്നറിയിച്ചിരുന്നെങ്കിലും പോലീസ് കേസെടുത്തു.

Content Highlights: Fight between women in ernakulam