ചെങ്ങന്നൂർ: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലിവാഗ്ദാനംചെയ്ത് പണംതട്ടിയ സംഭവത്തിൽ പരാതിക്കാർക്ക് പണം തിരികെനൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം. വാങ്ങിയപണം തിരികെ നൽകാമെന്ന് എതിർകക്ഷികളായവർ ഉറപ്പുനൽകിയതായി പരാതിക്കാരിൽ ചിലർ പറഞ്ഞു. എഫ്.സി.ഐ.യിൽ ജോലി വാങ്ങിനൽകാമെന്നു പറഞ്ഞ് ഒരുകോടിയോളം രൂപ വാങ്ങിയെന്നാണു പരാതി. ഒൻപതുപേരാണ് ചെങ്ങന്നൂർ പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.

എൻ.ഡി.എ. ഘടകകക്ഷിയായ എൽ.ജെ.പി.യുടെ ജില്ലാനേതാവ് എറണാകുളം സ്വദേശി ലെനിൻ മാത്യു, ബി.ജെ.പിയുടെ മുൻ പ്രാദേശികനേതാവായ കാരയ്ക്കാട് സ്വദേശി സനു എൻ. നായർ, ബുധനൂർ സ്വദേശി രാജേഷ് കുമാർ എന്നിവർക്കെതിരേയാണു ചെങ്ങന്നൂർ പോലീസ് കേസെടുത്തത്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒ്*!*!*!േട്ടറെ പേരിൽനിന്ന് സംഘം പണംതട്ടിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇതിൽ കുറച്ചുപേർമാത്രമാണു പരാതിയുമായി രംഗത്തെത്തിയത്. ബാക്കിയുള്ളവർ നാണക്കേടും പ്രതികളുടെ രാഷ്ട്രീയസ്വാധീനം ഭയന്നും പരാതിപ്പെടാൻ മടിച്ചുനിൽക്കുകയാണ്.

ആറുമാസത്തിനകം ജോലി നൽകാമെന്നു പറഞ്ഞാണ് പരാതിക്കാരുടെ പക്കൽനിന്ന് സംഘം പണം വാങ്ങിയത്. 2019 മുതൽ ഇത്തരത്തിൽ കബളിപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പരാതികളിൽനിന്നു വ്യക്തമാണ്. എൻ.ഡി.എയുടെ നേതാക്കളുടെ ഒപ്പംനിന്നുള്ള ചിത്രങ്ങളും മറ്റും കാട്ടിയാണ് പ്രതികൾ തങ്ങളുടെ സ്വാധീനം ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തിയത്.

എഫ്.സി.ഐ. കേന്ദ്രബോർഡ് അംഗമെന്നാണ് ഉദ്യോഗാർഥികൾക്ക് സനു ലെനിൻ മാത്യുവിനെ പരിചയപ്പെടുത്തിയത്. വിശ്വാസ്യതയ്ക്കായി കോർപ്പറേഷന്റെ ബോർഡുവെച്ച കാറിൽസഞ്ചരിച്ചാണു പലരെയും സമീപിച്ചത്. പലരെയും വ്യാജനിയമന ഉത്തരവ് നൽകി വഞ്ചിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

10 മുതൽ 35വരെ ലക്ഷം രൂപയാണ് ഓരോ ഉദ്യോഗാർഥിയിൽനിന്നും കൈപ്പറ്റിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ജോലിക്കായുള്ള അഭിമുഖം നടത്താനെന്നപേരിൽ പണംവാങ്ങി ഉദ്യോഗാർഥികളെ പലസ്ഥലത്തായി വിളിച്ചുവരുത്തി. തിരുവനന്തപുരം, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ എഫ്.സി.ഐ. ഓഫീസുകളുടെ പരിസരപ്രദേശങ്ങളിലെ ഹോട്ടലുകളിലാണു താമസം ഏർപ്പാടാക്കിയത്. മുറികളിൽ ആഴ്ചകളോളം അവരുടെ ചെലവിൽ താമസിപ്പിച്ചശേഷം പറഞ്ഞുവിട്ടെന്നു പരാതിയിൽ പറയുന്നു. അതേസമയം കേസിലുൾപ്പെട്ടവർ ആരും ബി.ജെ.പിയുടെ ഭാരവാഹികളല്ലെന്ന് ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ പറഞ്ഞു.