കൊച്ചി: എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. എറണാകുളം നെട്ടൂരിലാണ് സംഭവം. ജിന്‍ഷാദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ, ഗുരുതരമായി പരിക്കേറ്റ പിതാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാത്രി ഒരു കല്യാണ വീട്ടില്‍ പോയതായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ഇതിനടുത്തുള്ള വഴിയില്‍വെച്ച് ഒരു സംഘം പെണ്‍കുട്ടിയേയും കുടുംബാംഗങ്ങളേയും ശല്യം ചെയ്യുകയായിരുന്നു. ഇത് പിതാവ് ചോദ്യം ചെയ്തപ്പോഴാണ് അക്രമണമുണ്ടായത്. പിതാവിന് ആറ് കുത്തേറ്റിട്ടുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹമിപ്പോള്‍. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്രതി ജിന്‍ഷാദിനും ഒപ്പമുണ്ടായിരുന്നവര്‍ക്കുമായി അന്വേഷണം പുരോഗമിക്കുന്നു. പോലീസ് സ്ഥലത്തെത്തി കുത്തേറ്റയാളുടെ മൊഴി രേഖപ്പെടുത്തി. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ചില വിവരങ്ങള്‍ നാട്ടുകാര്‍ നല്‍കിയെന്നും  പോലീസ് അറിയിച്ചു. നാട്ടുകാരില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നുണ്ട്.

Content Highlights:father stabbed for questioning those who misbehaved with minor daughte