ബെംഗളൂരു: ഉറക്കഗുളിക നല്‍കി 19 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഹാരലൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് അറസ്റ്റിലായത്. പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ രാസലായനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ജലദോഷവും ചുമയും ഉണ്ടായിരുന്നതിനാല്‍ അന്ന് രാത്രി പെണ്‍കുട്ടി പിതാവിനോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലദോഷത്തിനുള്ള മരുന്നാണെന്ന് പറഞ്ഞ് ഉറക്കഗുളികയാണ് പിതാവ് നല്‍കിയത്. തുടര്‍ന്ന് പിതാവ് നല്‍കിയ മരുന്ന് കഴിച്ച് പെണ്‍കുട്ടി ഉറങ്ങുകയും ചെയ്തു.

പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ പിതാവും കട്ടിലില്‍ തന്റെ കൂടെ കിടക്കുന്നതാണ് പെണ്‍കുട്ടി കണ്ടത്. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പെണ്‍കുട്ടി രണ്ടാനമ്മയോട് കാര്യം പറഞ്ഞു. എന്നാല്‍ പരാതി നല്‍കാതെ സംഭവം മറച്ചുവെയ്ക്കാനാണ് രണ്ടാനമ്മ ശ്രമിച്ചത്. ഇതോടെ പെണ്‍കുട്ടി കുളിമുറി വൃത്തിയാക്കുന്ന രാസലായനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസുകാരാണ് പെണ്‍കുട്ടിയെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റിലായ പിതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. 

 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: father rapes daughter after giving sleeping pills in bengaluru