കൊച്ചി: തൃശ്ശൂര്‍ മലക്കപ്പാറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ സുഹൃത്തായ സഫര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി വിദ്യാര്‍ഥിനിയുടെ അച്ഛന്‍. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് മകളെ സഫര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലേയ്ക്കു പോയ മകളെ പിന്നീട് കാണാതാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഫര്‍ ആള്‍ ശരിയല്ലെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും മകള്‍ തന്നോടു പറഞ്ഞിരുന്നു. സഫറിന്റെ ശല്യം കാരണം താനായിരുന്നു മകളെ സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത്. മകള്‍ സ്‌കൂളിന് അകത്തുകയറിയതിനു ശേഷമായിരുന്നു താന്‍ തിരിച്ചുവരാറെന്നും അദ്ദേഹം പറഞ്ഞു. മകള്‍ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രിയാണ് കൊച്ചി കലൂര്‍ സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഫര്‍(26) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചുവെന്ന് സഫര്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ദേഹമാസകലം കുത്തേറ്റ നിലയിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
തന്നെ സഫര്‍ പലവട്ടം ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാരോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സഫറിനെ വിളിച്ച് സംസാരിച്ചു. ഇനിമേലാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സഫര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. പിന്നീട് സഫര്‍ ഗള്‍ഫിലേക്ക് പോയി. ഇതോടെ വിഷയം അവസാനിച്ചതായി പെണ്‍കുട്ടിയും വീട്ടുകാരും കരുതി. എന്നാല്‍ ഗള്‍ഫില്‍നിന്ന് തിരികെയെത്തിയ ശേഷവും സഫര്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. ചൊവ്വാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞും പെണ്‍കുട്ടി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വൈകിട്ടോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
content highlights: father of kochi native girl who was killed by friend