രാജ്‌കോട്ട്: ഭാര്യയ്ക്ക് രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് സംശയിച്ച് 20 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറില്‍ വിഖാരിയ ഗ്രാമത്തിലാണ് ദാരുണമായ സംഭവം. കലുനായക്ക്-മഞ്ജുള ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ കാലുനായക്കിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 

ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് കലുനായക്ക് നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ ഭാര്യയുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കുഞ്ഞ് ജനിച്ചെങ്കിലും ഇത് തന്റെ കുഞ്ഞല്ലെന്നായിരുന്നു കലുനായക്കിന്റെ വാദം. തിങ്കളാഴ്ച വൈകീട്ടും ഭാര്യയുമായി ഇക്കാര്യത്തെചൊല്ലി ഇയാള്‍ വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ വെട്ടിക്കൊന്നത്.

കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഭാര്യയെയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടെത്തിയ അയല്‍വാസികളിലൊരാളായ അര്‍ജുന്‍ നായക്കിനും ആക്രമണത്തില്‍ പരിക്കേറ്റു. മഞ്ജുളയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് പരിക്കേറ്റത്. 

പഞ്ചമഹല്‍ ജില്ലയില്‍ കലാധ് ദുദ്വ സ്വദേശികളായ കലുനായക്കും മഞ്ജുളയും വര്‍ഷങ്ങളായി ഭാവ്‌നഗര്‍ ജില്ലയിലാണ് താമസമെന്ന് പോലീസ് പറഞ്ഞു. 12 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് വേറെ ആറ് മക്കളുണ്ട്. 

Content Highlights: father killed new born baby in gujarat, over suspicion about wife's extra marital affair