തിരുവനന്തപുരം: നാവായിക്കുളത്ത് 11-കാരനും പിതാവിനും പിന്നാലെ ഒമ്പത് വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. നാവായിക്കുളം സ്വദേശി സഫീറിന്റെ ഒമ്പത് വയസ്സുള്ള മകൻ അൻഷാദിന്റെ മൃതദേഹമാണ് കുളത്തിൽനിന്ന് കണ്ടെടുത്തത്. നേരത്തെ സഫീറിന്റെ മൃതദേഹവും ഇതേ കുളത്തിൽനിന്ന് കണ്ടെടുത്തിരുന്നു. സഫീറിന്റെ മൂത്ത മകൻ അൽത്താഫിനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി.
മൂത്ത മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമായി സഫീർ കുളത്തിൽ ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. കുടുംബപ്രശ്നങ്ങളാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. സഫീറും ഭാര്യയും നിലവിൽ അകന്നുകഴിയുകയാണ്.
ശനിയാഴ്ച രാവിലെയാണ് നാവായിക്കുളത്തെ വീട്ടിൽ 11 വയസ്സുകാരനായ അൽത്താഫിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് സഫീറിനായി തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ ക്ഷേത്രക്കുളത്തിന് സമീപം ഇയാളുടെ ഓട്ടോറിക്ഷ കണ്ടെത്തി. ഇതോടെ സഫീറും ഇളയമകനും കുളത്തിൽ ചാടിയെന്ന സംശയത്താൽ കുളത്തിലിറങ്ങി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് സഫീറിന്റെയും അൻഷാദിന്റെയും മൃതദേഹം കുളത്തിൽനിന്ന് കണ്ടെടുത്തു.
മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
Content Highlights:father killed elder son and commits suicide with youngest son