കൊടുങ്ങല്ലൂര്‍: അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഇറങ്ങിയോടിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. മകന്‍ കസ്റ്റഡിയില്‍. എടവിലങ്ങ് പഞ്ചായത്തുകുളം കിഴക്കുവശത്ത് താമസിക്കുന്ന മണ്ണാട്ടറ ശിവരാമന്‍ (78) ആണ് മരിച്ചത്. മകന്‍ സംജിത്ത് (കണ്ണന്‍-35) കൊടുങ്ങല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ മകനുമായുണ്ടായ വഴക്കിനിടയില്‍ ശിവരാമന് തലയ്ക്ക് അടിയേറ്റിരുന്നതായി പോലീസ് പറഞ്ഞു. അടികൊണ്ട ശിവരാമന്‍ ഓട്ടോറിക്ഷ വിളിക്കുന്നതിനായി വീടിന് നൂറുമീറ്ററോളം അകലെയുള്ള മറ്റൊരു വീടിന്റെ മുന്നിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. പരിശോധനയ്ക്കായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ഇന്ദിര. മകള്‍: സന്ധ്യ.

Content Highlights: father died during clash son in police custody