ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിതാവ് അനുവാദം നൽകാതിരുന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകൻ പാർഥസാരഥിയാണ് (21) മരിച്ചത്. ബി.സി.എ. ബിരുദധാരിയായ യുവാവ് ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു.

അടുത്തകാലത്തായി പാർഥസാരഥിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കാണപ്പെട്ടിരുന്നതായി പറയുന്നു. സുഹൃത്തുക്കളെ കാണുന്നതിന് താത്പര്യം പ്രകടിപ്പിക്കാതിരുന്ന യുവാവ് വീടിന് പുറത്തിറങ്ങാതെയുമായി. ഇത് ചോദ്യം ചെയ്തതോടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി ജീവിക്കാനാണ് താത്പര്യമെന്ന് യുവാവ് വീട്ടിൽ അറിയിച്ചു. എന്നാൽ ഇത് വീട്ടുകാർക്ക് അംഗീകരിക്കാനായില്ല. ഗജേന്ദ്രൻ മകന്റെ ആവശ്യത്തെ തള്ളിപ്പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ യുവാവ് വീടുവിട്ട് മണലിയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിനൊപ്പം താമസം തുടങ്ങി.

ഇതറിഞ്ഞ ഗജേന്ദ്രൻ അവിടെയെത്തി മകനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തി. വീട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ഗജേന്ദ്രൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിതാവിന്റെ പെരുമാറ്റത്തെത്തുടർന്ന് മനോവിഷമത്തിലായ യുവാവ് കഴിഞ്ഞ ദിവസം മണലിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. മണലി പോലീസ് കേസ്സെടുത്തു.

Content Highlights: Father did not allow sex change surgery; The boy committed suicide