ചെറുവത്തൂർ: മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛൻ തൂങ്ങിമരിച്ച നിലയിൽ. പിലിക്കോട് മടിവയലിൽ താമസക്കാരനും ഓട്ടോഡ്രൈവറുമായ രൂകേഷ് (36) ആണ് മക്കൾ വൈദേഹി (10), ശിവനന്ദ് (ആറ്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം മടിക്കുന്നിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സിറ്റൗട്ടിന് സമീപം തൂങ്ങി മരിച്ചത്.

പിലിക്കോട് ഗവ. യു.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസിലും.

സഹോദരനെയും മക്കളെയും കാണാഞ്ഞതിനെ തുടർന്ന് അനുജൻ ഉമേഷ് നടത്തിയ അന്വേഷണത്തിലാണ് മടിക്കുന്നിൽ രൂകേഷിനെ തൂങ്ങിയ നിലയിൽ കണ്ടത്. വീടിനകത്ത് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളുടെ മൃതദേഹങ്ങൾക്കരികിൽ നൈലോൺ കയർ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മുഖത്തും കഴുത്തിനും പരിക്ക് കാണാനുണ്ടെന്ന് പോലീസ് പറഞ്ഞു.

രാവണേശ്വരം സ്വദേശിനി സബിയയാണ് രൂകേഷിന്റെ ഭാര്യ. കുടുംബവഴക്കിനെ തുടർന്ന് രൂകേഷും സബിയയും ഒരു വർഷമായി അകന്നു കഴിയുകയാണ്. സബിയയും മക്കളും സ്വന്തം വീട്ടിലാണ് താമസം. രൂകേഷ് അടുത്തിടെയാണ് മക്കളെ മടിവയലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

16-ന് മകൾ വൈദേഹിയുടെ പിറന്നാൾ ആഘോഷിച്ചശേഷം തിരിച്ചെത്തിക്കാമെന്ന് അറിയിച്ചാണ് കുട്ടികളെ കൂടെ കൂട്ടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പിറന്നാളാഘോഷത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ രൂകേഷും മക്കളും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ, ഇൻസ്പെക്ടർ എം.ടി. ജേക്കബ്ബ്, എസ്.ഐ. പി.സി. സഞ്ജയ് കുമാർ എന്നിവരും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

മുൻ കെ.എസ്.ഇ.ബി. ജീവനക്കാരൻ പരേതനായ പുരുഷോത്തമന്റെയും നാരായണിയുടേയും മകനാണ് രൂകേഷ്. മറ്റു സഹോദരങ്ങൾ: ശ്രീജ, ഷീബ, നിഷ.

Content Highlights:father commits suicide after killing two kids in cheruvathoor